പിറന്നത് ചരിത്രം! ആഗോള ബോക്സ് ഓഫീസിൽ നിന്ന് ആദ്യദിനം എത്ര? 'പുഷ്‍പ 2' കളക്ഷൻ പ്രഖ്യാപിച്ച് നിര്‍മ്മാതാക്കൾ
ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തി എത്തിയ ചിത്രം
ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് പുഷ്പ 2. 2021 ല്‍ പുറത്തെത്തിയ പുഷ്പ: ദി റൈസിന്‍റെ സീക്വല്‍ എന്നതുതന്നെ ഈ ഹൈപ്പിനുള്ള കാരണം. ഈ ഹൈപ്പ് പൂര്‍ണ്ണമായും മനസിലാക്കിക്കൊണ്ടുള്ള മാര്‍ക്കറ്റിംഗും റിലീസുമാണ് നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാര്‍ റൈറ്റിംഗ്സും നടത്തിയത്. തെലുങ്ക് സംസ്ഥാനങ്ങളില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 1 മണിക്ക് ആദ്യ ഷോകള്‍ ആരംഭിച്ചെങ്കില്‍ കേരളമുള്‍പ്പെടെയുള്ള പലയിടങ്ങളിലും പുലര്‍ച്ചെ നാലിനായിരുന്നു ആദ്യ ഷോ. ലോകമാകമാനം 12000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആഗോള ഓപണിംഗ് കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ഇന്ത്യയില്‍ നിന്ന് നേടിയ ഓപണിംഗ് സംബന്ധിച്ച കണക്ക് നിര്‍മ്മാതാക്കള്‍ നേരത്തേ പുറത്തുവിട്ടിരുന്നു. 72 കോടിയാണ് ഇത്. ഇത് ഒരു ഹിന്ദി ചിത്രത്തിന് ഇന്ത്യയില്‍ ലഭിക്കുന്ന എക്കാലത്തെയും ഏറ്റവും വലിയ ഓപണിംഗ് ആണ്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ആഗോള ഓപണിംഗും ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണ്.
294 കോടിയാണ് ചിത്രം ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയതെന്ന് നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് അറിയിരിക്കുന്നു. 2022 മുതല്‍ ആ സ്ഥാനത്ത് ഉണ്ടായിരുന്ന എസ് എസ് രാജമൗലി ചിത്രം ആര്‍ആര്‍ആറിനെ മറികടന്നാണ് പുഷ്പ 2 റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. 223.5 കോടി ആയിരുന്നു ആര്‍ആര്‍ആറിന്‍റെ വേള്‍ഡ്‍വൈഡ് ഓപണിംഗ്. രാജമൗലിയുടെ തന്നെ ബാഹുബലി ദി കണ്‍ക്ലൂഷന്‍ ആണ് ഓപണിംഗില്‍ അടുത്ത സ്ഥാനത്ത്. 214.5 കോടിയാണ് ചിത്രത്തിന്‍റെ ആഗോള ഓപണിംഗ്.
ALSO READ : 'രുധിരം' കര്‍ണാടക വിതരണാവകാശം സ്വന്തമാക്കി ഹൊംബാലെ ഫിലിംസ്