തുടക്കത്തിലേ ആരാധകർ തള്ളി 200 കോടിയാക്കി, ഇഡി നോട്ടീസ് അയച്ചെന്ന് നിര്‍മാതാവ്
യഥാർഥ കണക്കുകള്‍ സമര്‍പ്പിച്ചെന്ന് നിർമാതാവ്.
കഴിഞ്ഞ ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തിയ കന്നഡ ചിത്രമാണ് കാട്ടേര. ദര്‍ശനായിരുന്നു കട്ടേരയില്‍ നായകനായി എത്തിയത്. കന്നഡയിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ കളക്ഷനില്‍ ഏഴാം സ്ഥാനത്ത് എത്താൻ കാട്ടേരയ്‍ക്ക് സാധിച്ചിരുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. കട്ടേരയുടെ ബോക്സ് ഓഫീസ് കളക്ഷനെ കുറിച്ച് നിര്‍മാതാവ് റോക്ക്‍ലിൻ വെങ്കടേഷ് വെളിപ്പെടുത്തിയ കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്.
ദര്‍ശൻ നായകനായ കാട്ടേര നേടിയ കളക്ഷൻ കണക്കുകള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ റിലീസായപ്പോഴേ കട്ടേര സിനിമയുടെ കളക്ഷൻ കണക്കുകള്‍ ട്രേഡ് അനലിസ്റ്റുകളും ആരാധകരും സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച് തുടങ്ങിയിരുന്നു. അധികം വൈകാതെ കാട്ടേര റെക്കോര്‍ഡ് കളക്ഷൻ നേടി എന്ന് ട്രേഡ് അനലിസ്റ്റുകള്‍ അവകാശപ്പെട്ടത് റോക്ക്‍ലിൻ വെങ്കടേഷ് തള്ളിയിരുന്നു. എങ്കിലും ട്രേഡ് അനലിസ്റ്റുകള്‍ പിൻവാങ്ങിയില്ല.
അടുത്തിടെ കാട്ടേരയുടെ വിജയ ആഘോഷ ചടങ്ങില്‍ നിര്‍മാതാവ് നടത്തിയ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ട്രേഡ് അനലിസ്റ്റുകളും. ആദ്യമായി ദര്‍ശന്റെ കാട്ടേര 50 കോടി ക്ലബില്‍ എത്തി എന്ന റിപ്പോര്‍ട്ട് പ്രചരിച്ചപ്പോള്‍ ആദായ നികുതി വകുപ്പില്‍ നിന്ന് നാല് നോട്ടീസ് തനിക്ക് കിട്ടിയെന്ന് റോക്ക്‍ലിൻ വെങ്കടേഷ് വെളിപ്പെടുത്തി. ആര്‍ട്ടിക്കളുടെ ലിങ്കുകളും കോണ്‍ടാക്റ്റ് നമ്പറുകളും താൻ അയച്ച് നല്‍കിയെന്നും റിപ്പോര്‍ട്ട് ചെയ്‍തവരോട് ബോക്സ് ഓഫീസ് കളക്ഷൻ സംബന്ധിച്ച് വിവരങ്ങള്‍ തിരക്കാൻ അഭ്യര്‍ഥിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. യഥാര്‍ഥ കണക്കുകളുടെ വസ്‍തുത താൻ തന്നെ നല്‍കി എന്നും റോക്ക്‍ലിൻ വെങ്കടേഷ് വെളിപ്പെടുത്തി.
സംവിധാനം നിര്‍വഹിച്ചത് തരുണ്‍ സുധീറാണ്. നായികയായി എത്തിയത് ആരാധന റാമും. ഛായാഗ്രാഹണം സുധാകര്‍ എസ് രാജ്. ജഗപതി ബാബു, കുമാര്‍, ഗോവിന്ദ് തുടങ്ങിയവര്‍ക്ക് പുറമേ വിനോദ് കുമാര്‍ ആല്‍വയും വൈജന്ത് ബിരദറും ഡാനിഷും പദ്‍മ വാസന്തിയും അവിനാശും രവി ചേതനും ശ്വേത പ്രസാദും കട്ടേരയില്‍ വേഷമിട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക