100 ദിവസം, നേടിയത് 600കോടി ഗ്രോസ് കളക്ഷൻ; മലയാള സിനിമയ്ക്കിത് സുവർണദിനങ്ങൾ
ഈ വർഷം തുടക്കം തന്നെ മലയാള സിനിമയ്ക്ക് നല്ല കാലം ആയിരുന്നു.
മലയാള സിനിമ ഇന്ന് ലോകനിലവാരത്തിലേക്ക് ഉയർന്നിരിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമായിരിക്കുകയാണ് ആടുജീവിതം-ദ ഗോട്ട് ലൈഫ്. ഒരുകാലത്ത് കോടി ക്ലബ്ബുകൾ അന്യമായിരുന്ന ഇൻസ്ട്രിയിൽ ഇന്ന് ഒരു മാസം തന്നെ സൂപ്പർ ഹിറ്റ്, ബ്ലോക് ബസ്റ്റർ, മെഗാ ബ്ലോക്ബസ്റ്റർ സിനിമകൾ ലഭിച്ചിരിക്കുകയാണ്. കോടി ക്ലബ്ബുകൾ അന്യം നിന്ന മലയാള സിനിമ ആദ്യമായി 200 കോടി ക്ലബ്ബും തൊട്ടും.
ഈ വർഷം തുടക്കം തന്നെ മലയാള സിനിമയ്ക്ക് നല്ല കാലം ആയിരുന്നു. പ്രത്യേകിച്ച് ഫെബ്രുവരി. മൂന്ന് സിനിമകളാണ് ഈ മാസം റിലീസ് ചെയ്തത്. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്. മൂന്നും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ. ഒപ്പം കളക്ഷനിൽ വൻ കുതിപ്പും. ഭ്രമയുഗം 50 കോടി ക്ലബ്ബിൽ കയറിയപ്പോൾ പ്രേമലു 100 കോടി ക്ലബ്ബിലും മഞ്ഞുമ്മൽ ബോയ്സ് 200കോടി ക്ലബ്ബിലും ഇടം പിടിച്ചു. നഷ്ടത്തിന്റെ കണക്ക് മാത്രം പറയുമായിരുന്ന പ്രൊഡ്യൂസർമാർക്കും തിയറ്റർ ഉടമകൾ വലിയ ആശ്വാസം ആയിരുന്നു ഈ സിനിമകൾ സമ്മാനിച്ചത്. ഇതേപറ്റി സംസാരിക്കുകയാണ് നിർമാതാവായ ബി രാകേഷ്.
"100 ദിവസം കൊണ്ട് 600കോടിയിലേറെ ഗ്രോസ് കളക്ഷൻ ആണ് മലയാള സിനിമ നേടിയിരിക്കുന്നത്. ഇന്ത്യൻ സിനിമയുടെ കലണ്ടറിൽ മലയാള സിനിമയുടെ വർഷമാണിത് എന്ന് പറയാം. നേര് എന്ന സിനിമ ഡിസംബർ അവസാനം ആണ് റിലീസ് ചെയ്തത്. ആ സിനിമ ഉൾപ്പടെ ആറ് സിനിമകളാണ് തുടർച്ചയായി സൂപ്പർ ഹിറ്റായത്. അതുകൊണ്ടാണ് മലയാള സിനിമയ്ക്ക് വളരെ സന്തോഷമുള്ള വർഷമാണിത് എന്ന് പറയാൻ കാരണം. 100ദിവസം ആകുന്നെ ഉള്ളൂ. എങ്കിലും 600കോടിയോളം ഗ്രോസ് കളക്ഷൻ നേടാനായി. വലിയൊരു കാര്യമാണത്. ഇന്നലെ ഇറങ്ങിയ ആടുജീവിതം എന്ന സിനിമ ലോകസിനിമയ്ക്ക് മലയാള സിനിമയുടെ സംഭാവനയാണ്. അത്രമനോഹരമായ സിനിമയാണത്. ഇതുമൊരു സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരിക്കും എന്നതിൽ ആർക്കും സംശമില്ല", എന്നാണ് രാകേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
'പടച്ചോന്റെ കളി'; ടിക്കറ്റ് കണ്ടത് രാത്രി 6ന്, നോമ്പ് മുറിച്ച് വീണ്ടും കടയിലേക്ക്..; 10കോടി വന്ന വഴി
സൗത്ത് ഇന്ത്യയിൽ ഇറങ്ങിയതിൽ ഈ വർഷത്തെ ആദ്യത്തെ ഹിറ്റ് സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. തമിഴ്നാട്ടിലും ആന്ധ്രയിലുമൊക്കെ വച്ച് ആദ്യമായി സൂപ്പർ ഹിറ്റായത് മലയാള സിനിമയാണ്. അത് വളരെ സന്തോഷം തരുന്ന കാര്യവുമാണെന്ന് ബി രാകേഷ് വ്യക്തമാക്കി.