പ്രേമയുഗം ബോയ്സ് വെള്ളിയാഴ്ച വിളയാട്ടം; തിരിച്ചു കയറി പോറ്റി, പ്രേമലു സ്റ്റെഡി, കൊടുങ്കാറ്റായി ബോയ്സ്.!
ഭ്രമയുഗത്തിലേക്ക് എത്തിയാല്‍ ഒന്‍പതാം ദിവസമായ ഫെബ്രുവരി 23 വെള്ളിയാഴ്ച ചിത്രം ഒരു കോടി ട്രാക്കിലേക്ക് തിരിച്ചെത്തി.
കൊച്ചി: അപൂര്‍വ്വമായ ഒരു പ്രതിഭാസമാണ് മലയാള സിനിമ ബോക്സോഫീസില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു, മമ്മൂട്ടി നായകനായി എത്തിയ ഭ്രമയുഗം, പിന്നാലെ ചിദംബരം സംവിധാനം ചെയ്ത ചിത്രം മഞ്ഞുമ്മല്‍ ബോയ്സ്. മൂന്നും മികച്ച അഭിപ്രായം നേടി തീയറ്ററില്‍ മികച്ച കളക്ഷന്‍ നേടുന്നു.
പ്രേമലു എത്തിയതോടെയാണ് ഈ തരംഗത്തിന് തുടക്കമായത്. ഫെബ്രുവരി 9 ന് ആയിരുന്നു ഈ ചിത്രത്തിന്‍റെ റിലീസ്. ചിത്രം ഇതിനകം ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും 28.85 കോടി നേടിയിട്ടുണ്ട്. ചിത്രത്തിന്‍റെ ആഗോള കളക്ഷന്‍ 50 കോടി കടന്നിരുന്നു. ഫെബ്രുവരി 23 വെള്ളിയാഴ്ച ചിത്രം ആഭ്യന്തര ബോക്സോഫീസില്‍ നിന്നും നേടിയത് 1.40 കോടിയാണ് എന്നാണ് ട്രാക്കിംഗ് സൈറ്റായ സാക്നില്‍ക്.കോം പറയുന്നത്. അതായത് ശക്തമായ വെല്ലുവിളിയുമായി ചിത്രങ്ങള്‍ ഉണ്ടായിട്ടും ഒന്നര കോടിക്ക് അടുത്ത് കളക്ഷന്‍ പ്രേമലു ഉണ്ടാക്കുന്നു എന്നത് വന്‍ സൂചനയായി ട്രേഡ് അനലിസ്റ്റുകള്‍ കാണുന്നു.
ഭ്രമയുഗത്തിലേക്ക് എത്തിയാല്‍ ഒന്‍പതാം ദിവസമായ ഫെബ്രുവരി 23 വെള്ളിയാഴ്ച ചിത്രം ഒരു കോടി ട്രാക്കിലേക്ക് തിരിച്ചെത്തി. 1.10 കോടിയാണ് ചിത്രം ആഭ്യന്തര ബോക്സോഫീസില്‍ നേടിയത്. മഞ്ഞുമ്മല്‍ ബോയ്സ് റിലീസായ വ്യാഴാഴ്ച കൊടുമണ്‍ പോറ്റിയായി മമ്മൂട്ടി തകര്‍ത്ത് അഭിനയിച്ച ചിത്രത്തിന്‍റെ കളക്ഷന്‍ 90 ലക്ഷത്തിലേക്ക് താഴ്ന്നിരുന്നു. എന്നാല്‍ വെള്ളിയാഴ്ച വീണ്ടും ഒരു കോടി ആഭ്യന്തര കളക്ഷനിലേക്ക് തിരിച്ചെത്തി. ചിത്രം ഇതുവരെ 18.95 കോടി ആഭ്യന്തര ബോക്സോഫീസില്‍ നേടിയെന്നാണ് സാക്നില്‍ക്.കോം കണക്കുകള്‍ പറയുന്നത്.
മഞ്ഞുമ്മല്‍ ബോയ്സിലേക്ക് വരുകയാണെങ്കില്‍ ഫെബ്രുവരി 23 വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്ത് രണ്ടാം ദിനം ആദ്യ കണക്കുകള്‍ പ്രകാരം 3.25 കോടിയാണ് നേടിയിരിക്കുന്നത്. സാധാരണമായി വ്യാഴാഴ്ച റിലീസ് ചിത്രങ്ങള്‍ക്ക് വെള്ളിയാഴ്ച ഇടിവ് വരാറുണ്ടെങ്കിലും വലിയ കുറവ് മഞ്ഞുമ്മല്‍ ബോയ്സ് നേരിട്ടില്ല എന്നത് വലിയ പ്രത്യേകതയാണ്. രണ്ട് ദിവസത്തില്‍ ആഭ്യന്തര ബോക്സോഫീസില്‍ ചിത്രം 6.55 കോടി നേടിയെന്നാണ് സാക്നില്‍ക്.കോം കണക്കുകള്‍ പറയുന്നത്.
അതേ സമയം സോഷ്യല്‍ മീഡിയയില്‍ പ്രേമയുഗം എന്ന ടാഗ് ഒന്നുകൂടി വലുതാക്കിയിരിക്കുകയാണ് സിനിമാപ്രേമികള്‍. പ്രേമയുഗം ബോയ്സ് എന്നാണ് എക്സിലെ പുതിയ ശ്രദ്ധേയ ടാഗ്. ഭ്രമയുഗം നിര്‍മ്മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര അടക്കമുള്ളവര്‍ ഈ ടാഗ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ട്രേഡ് അനലിസ്റ്റുകളും സാധാരണ പ്രേക്ഷകരുമടക്കം മറുഭാഷകളില്‍ നിന്നുള്ളവരില്‍ നിന്നും മോളിവുഡിന് വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്. മറ്റ് ഭാഷാ സിനിമകളിലൊന്നും ശ്രദ്ധേയ സിനിമകള്‍ വരാത്ത ഒരു വേളയില്‍ മികച്ച ഉള്ളടക്കവുമായി മലയാളം ഹാട്രിക് ഹിറ്റടിക്കുന്നതിലെ കൗതുകമാണ് അവരൊക്കെ പങ്കുവെക്കുന്നത്.