'പുലിമുരുകന്‍' വീണു; തെലുങ്ക് സംസ്ഥാനങ്ങളില്‍ ആ റെക്കോര്‍ഡ് ഇനി പ്രേമലുവിന്
തെലുങ്ക് സംസ്ഥാനങ്ങളില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ മലയാള ചിത്രം
ഇന്ത്യന്‍ സിനിമാലോകം ഇന്ന് ഏറ്റവും ശ്രദ്ധിക്കുന്ന ഇന്‍ഡസ്ട്രികളിലൊന്ന് മോളിവുഡ് ആണ്. സിനിമകളുടെ വൈവിധ്യവും ചെറിയ ബജറ്റില്‍ സൃഷ്ടിക്കപ്പെടുന്ന മികച്ച ഉള്ളടക്കവുമൊക്കെ എക്കാലത്തും മലയാളത്തിന്‍റെ മുഖമുദ്ര ആയിരുന്നെങ്കിലും മലയാളികളല്ലാത്ത സിനിമാപ്രേമികളിലേക്ക് നമ്മുടെ സിനിമ കാര്യമായി എത്തിയിരുന്നില്ല. ഒടിടിയുടെ കടന്നുവരവാണ് അതില്‍ വലിയ മാറ്റമുണ്ടാക്കിയത്. മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും സമീപകാലത്ത് ചര്‍ച്ചയായ മലയാള ചിത്രങ്ങളായിരുന്നു മഞ്ഞുമ്മല്‍ ബോയ്സും പ്രേമലുവും. ഇതരനാടുകളില്‍ ഈ ചിത്രങ്ങള്‍ സൃഷ്ടിക്കുന്ന റെക്കോര്‍ഡുകള്‍ ഇപ്പോഴും തുടരുകയാണ്. ഇപ്പോഴിതാ തെലുങ്ക് സംസ്ഥാനങ്ങളിലെ പ്രേമലുവിന്‍റെ കളക്ഷന്‍ ചര്‍ച്ചയാവുകയാണ്.
തെലുങ്ക് സംസ്ഥാനങ്ങളില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ മലയാള ചിത്രമെന്ന റെക്കോര്‍ഡ് ആണ് പ്രേമലു സ്വന്തമാക്കിയിരിക്കുന്നത്. പുലിമുരുകനെ മറികടന്നാണ് ഗിരീഷ് എ ഡിയുടെ യുവതാര ചിത്രത്തിന്‍റെ നേട്ടം. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് പ്രേമലു ഇതുവരെ നേടിയത് 10-11 കോടി ആണെന്ന് വിവിധ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നു. പ്രേമലു ഒന്നാമത് എത്തിയതോടെ പുലിമുരുകന്‍ രണ്ടാമതും 2018 മൂന്നാം സ്ഥാനത്തുമാണ്.
റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നസ്‍ലെനും മമിതയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നായികാ നായകന്മാര്‍ക്കൊപ്പം മറ്റ് കഥാപാത്രങ്ങളുടെ പരിചരണത്തിലും നല്‍കിയിരിക്കുന്ന സവിശേഷശ്രദ്ധ കൈയടി നേടിയ ഘടകമാണ്. ഫെബ്രുവരി 9 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. ആദ്യ രണ്ട് സിനിമകളും ഹിറ്റ് ആക്കിയ സംവിധായകന്‍റെ മൂന്നാം ചിത്രം എന്ന നിലയില്‍ പ്രീ റിലീസ് ഹൈപ്പ് നേടിയിരുന്നു പ്രേമലു. ആദ്യ ദിനം തന്നെ പ്രേക്ഷകരില്‍ നിന്ന് പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി എത്തിയതോടെ ചിത്രം ബോക്സ് ഓഫീസില്‍ കുതിച്ചു. ഹൈദരാബാദ് പ്രധാന കഥാപശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പും പിന്നാലെ തമിഴ് പതിപ്പും തിയറ്ററുകളില്‍ എത്തിയിരുന്നു.