ശരിക്കുമുള്ള പൊങ്കല്‍, സംക്രാന്തി വിന്നര്‍ ആര്? ആറ് ചിത്രങ്ങളുടെ ഓപണിംഗ് വീക്കെന്‍ഡ് കളക്ഷന്‍
പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രങ്ങള്‍ തന്നെയാണോ ആദ്യ സ്ഥാനങ്ങളില്‍?
തെന്നിന്ത്യന്‍ സിനിമാലോകത്തെ സംബന്ധിച്ച് (വിശേഷിച്ചും തമിഴ്, തെലുങ്ക്) ഏറ്റവും പ്രധാനപ്പെട്ട സീസണ്‍ ആണ് ഇത്. തമിഴ്നാട്ടില്‍ പൊങ്കല്‍ ആണെങ്കില്‍ തെലുങ്ക് സംസ്ഥാനങ്ങളില്‍ അത് സംക്രാന്തിയാണ്. പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങള്‍ കൂട്ടത്തോടെ തിയറ്ററുകളിലെത്തുന്ന സീസണ്‍. ഇത്തവണയും അതിന് മാറ്റമൊന്നുമുണ്ടായില്ല. തെലുങ്കിലും തമിഴിലുമായി ആറ് പ്രധാന റിലീസുകള്‍ ഇക്കുറി എത്തിയിരുന്നു. അക്കൂട്ടത്തില്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രങ്ങള്‍ ഏതൊക്കെയാണ്? ഇപ്പോഴിതാ പൊങ്കല്‍, സംക്രാന്തി റിലീസുകളുടെ ബോക്സ് ഓഫീസ് താരതമ്യവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് എന്‍റര്‍ടെയ്ന്‍മെന്‍റ്.
വെള്ളി മുതല്‍ ഞായര്‍ വരെ നീളുന്ന മൂന്ന് ദിവസത്തെ വാരാന്ത്യ ബോക്സ് ഓഫീസില്‍ ഒന്നാം സ്ഥാനത്ത് മഹേഷ് ബാബു നായകനായ ഗുണ്ടൂര്‍ കാരമാണെന്ന് അവര്‍ അറിയിക്കുന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 107 കോടിയാണ് ചിത്രം ഈ ദിനങ്ങളില്‍ നേടിയത്. രണ്ടാം സ്ഥാനത്തും ഒരു തെലുങ്ക് ചിത്രമാണ്. തേജ സജ്ജ നായകനായ സൂപ്പര്‍ഹീറോ ചിത്രം ഹനു മാന്‍ ആണ് അത്. 72.50 കോടിയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ മൂന്ന് ദിനങ്ങളില്‍ ചിത്രം നേടിയത്.
ധനുഷിന്‍റെ ക്യാപ്റ്റന്‍ മില്ലര്‍ ആണ് കളക്ഷനില്‍ മൂന്നാം സ്ഥാനത്ത്. ആദ്യ വാരാന്ത്യത്തില്‍ 38.50 കോടി. ശിവകാര്‍ത്തികേയന്‍റെ തമിഴ് ചിത്രം അയലാന്‍ 27 കോടിയാണ് ഇതേ ദിനങ്ങളില്‍ നേടിയത്. വെങ്കിടേഷ് നാകനായ തെലുങ്ക് ചിത്രം സൈന്ധവ് ആദ്യ രണ്ട് ദിനങ്ങളില്‍ 9 കോടിയും നാഗാര്‍ജുന നായകനായ നാ സാമി രംഗ ആദ്യ ദിനം 6.50 കോടിയും നേടി. സൈന്ധവ് ശനിയാഴ്ചയും നാ സാമി രംഗ ഞായറാഴ്ചയുമാണ് റിലീസ് ആയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം