ബോക്സ് ഓഫീസില്‍ 1050 കോടി, നിര്‍മ്മാതാക്കള്‍ക്ക് എന്ത് കിട്ടും? 'പഠാന്‍' കണക്കുകള്‍
ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്
കൊവിഡ് കാലത്തിനു ശേഷം വന്‍ തകര്‍ച്ച നേരിട്ട ബോളിവുഡ് വ്യവസായത്തിന് പഴയ പ്രതാപത്തിന് അനുസരിച്ചുള്ള ഒരു വിജയം നല്‍കിയത് ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ ആയിരുന്നു. തെന്നിന്ത്യന്‍ ചിത്രങ്ങളുടെ വിസ്മയ വിജയങ്ങള്‍ക്കു മുന്നില്‍ പതറിനിന്ന ഹിന്ദി സിനിമാലോകത്തിന് ജീവശ്വാസം തന്നെയായിരുന്നു പഠാന്‍റെ വിജയം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടിയിലധികം നേടിയ ചിത്രം നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസിന് നേടിക്കൊടുത്ത ലാഭം എത്രയാവും? ഇപ്പോഴിതാ ഇത് സംബന്ധിച്ച തങ്ങളുടെ വിലയിരുത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ് ബോളിവുഡ് ഹംഗാമ.
270 കോടി ആയിരുന്നു ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ട്. റിലീസ് ദിനത്തില്‍ 57 കോടി കളക്റ്റ് ചെയ്ത ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് നേടിയ ഗ്രോസ് കളക്ഷന്‍ 657.85 കോടിയും നെറ്റ് കളക്ഷന്‍ 543.22 കോടിയുമാണ്. വിദേശത്തുനിന്ന് 392.55 കോടി ഗ്രോസും. ആകെ 1050.40 കോടി. ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ 245 കോടിയും വിദേശത്തു നിന്ന് നേടിയത് 178 കോടിയുമാണെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളുടെ വില്‍പ്പനയില്‍ നിന്ന് മറ്റൊരു 150 കോടിയും മ്യൂസിക് റൈറ്റ്സില്‍ നിന്ന് 30 കോടിയും ലഭിച്ചു. മുഴുവന്‍ വരുമാനവും പരിഗണിക്കുമ്പോള്‍ 270 കോടി മുടക്കിയ യാഷ് രാജ് ഫിലിംസിന് ലഭിച്ചത് 603 കോടിയാണ്. അതായത് 333 കോടി രൂപ ലാഭം!
സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് പഠാന്റെ സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. തിയറ്ററില്‍ 50 ദിവസത്തിലേറെ പിന്നിട്ടതിനു ശേഷം മാര്‍ച്ച് 22 ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്.
ALSO READ : 'അഖില്‍ കോട്ടാത്തല' അഖില്‍ മാരാര്‍ ആയ കഥ; ബിഗ് ബോസില്‍ ജീവിതം പറഞ്ഞ് സംവിധായകന്‍