ഇന്ത്യന്‍ റിലീസ് 4500 സ്ക്രീനുകളില്‍? ആദ്യ ദിനം 'പഠാന്‍' നേടുക റെക്കോര്‍ഡ് കളക്ഷനെന്ന് ട്രേഡ് അനലിസ്റ്റുകള്‍
നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം
കൊവിഡിനു ശേഷം പഴയ രീതിയിലുള്ള സാമ്പത്തിക വിജയങ്ങള്‍ ബോളിവുഡില്‍ ഇതുവരെ സംഭവിച്ചിട്ടില്ല. പ്രതീക്ഷയോടെയെത്തിയ സൂപ്പര്‍താര ചിത്രങ്ങളില്‍ പലതും പരാജയം രുചിച്ചപ്പോള്‍ ഭൂല്‍ ഭുലയ്യ 2, കശ്മീര്‍ ഫയല്‍സ് പോലെയുള്ള ചില സര്‍പ്രൈസ് ഹിറ്റുകള്‍ ഉണ്ടാവുകയും ചെയ്തു. അതേസമയം ബോളിവുഡിന് സമീപവര്‍ഷങ്ങളില്‍ തന്നെ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ദിവസങ്ങള്‍ക്കപ്പുറം തിയറ്ററുകളില്‍ എത്തുകയാണ്. ഷാരൂഖ് ഖാന്‍ നായകനാവുന്ന പഠാന്‍ ആണ് ചിത്രം.
നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന കിംഗ് ഖാന്‍ ചിത്രം എന്നതാണ് ചിത്രത്തിന് ഇത്രയധികം പ്രീ റിലീസ് ഹൈപ്പ് നേടിക്കൊടുത്ത കാര്യം. ഒപ്പം നായികയുടെ വസ്ത്രത്തെച്ചൊല്ലി ഉയര്‍ന്ന ബഹിഷ്കരണാഹ്വാനങ്ങളും ചിത്രത്തിന് വാര്‍ത്താമൂല്യം നേടിക്കൊടുത്തു. പ്രീ റിലീസ് ബുക്കിംഗില്‍ വന്‍ പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ് ചിത്രം ഇപ്പോള്‍. റിലീസിന് മൂന്ന് ദിവസം അവശേഷിക്കെ 2.65 ലക്ഷം ടിക്കറ്റുകളാണ് രാജ്യത്തെ പ്രധാന മള്‍ട്ടിപ്ലെക്സ് ചെയിനുകളിലൂടെ ചിത്രം ഇതിനകം വിറ്റിരിക്കുന്നതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് അറിയിക്കുന്നു. കൊവിഡിനു ശേഷമുള്ള ബോളിവുഡ് റിലീസുകളില്‍ രണ്‍ബീര്‍ കപൂര്‍ നായകനായ ബ്രഹ്‍മാസ്ത്ര മാത്രമാണ് പ്രീ റിലീസ് ബുക്കിംഗില്‍ പഠാന് മുന്നിലുള്ളത്. എന്നാല്‍ റിലീസിന് ഇനിയും മൂന്ന് ദിവസം അവശേഷിക്കുന്നതിനാല്‍ ബ്രഹ്‍മാസ്ത്രയുടെ റെക്കോര്‍ഡും പഠാന്‍ തകര്‍ത്തേക്കാം.
ALSO READ : 50 കോടി ക്ലബ്ബിലേക്ക് 'മാളികപ്പുറം'; കേരളത്തില്‍ നാലാം വാരം 233 സ്ക്രീനുകളില്‍
അഡ്വാന്‍സ് ബുക്കിംഗ് ആരംഭിക്കുന്നതിനു മുന്‍പ് ട്രേഡ് അനലിസ്റ്റുകള്‍ ചിത്രത്തിന്‍റെ ഓപണിംഗ് ആയി പ്രവചിച്ചിരുന്നത് 30 കോടിയാണ്. എന്നാല്‍ അഡ്വാന്‍സ് ബുക്കിംഗില്‍ വമ്പന്‍ പ്രതികരണം ലഭിച്ചതോടെ ആ പ്രവചനം 45-50 കോടി എന്ന നിലയിലേക്ക് മാറിയിട്ടുണ്ട്. ചിത്രം തിയറ്ററുകളിലെത്തുന്ന 25-ാം തീയതി ബുധനാഴ്ചയാണ്. അഞ്ച് ദിവസത്തെ എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡ് ആണ് പഠാന് ലഭിക്കുക. ആദ്യദിനം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിക്കുന്നപക്ഷം ഈ അഞ്ച് ദിവസങ്ങളില്‍ നിന്ന് 180- 200 കോടി നെറ്റ് ചിത്രം നേടുമെന്ന് ട്രേഡ് അനലിസ്റ്റ് സുമിത് കദേല്‍ പ്രവചിക്കുന്നു.