സംവിധാന അരങ്ങേറ്റം, ജോജുവിനെ ബോക്സ് ഓഫീസ് തുണച്ചോ? 'പണി' 50 ദിവസം കൊണ്ട് നേടിയത്
ജോജു ജോര്‍ജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രത്തിന്‍റെ റിലീസ് ഒക്ടോബറില്‍ ആയിരുന്നു
ജോജു ജോര്‍ജിന്‍റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു പണി. തിയറ്ററുകളിലെത്തിയപ്പോള്‍ ആ ഹൈപ്പിനൊപ്പം നില്‍ക്കാന്‍ സാധിച്ച ചിത്രത്തിന് മികച്ച മൗത്ത് പബ്ലിസിറ്റിയും ലഭിച്ചു. ഇപ്പോഴിതാ തിയറ്ററുകളില്‍ ചിത്രം 50 ദിനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായമനുസരിച്ച് സംവിധാന അരങ്ങേറ്റ ചിത്രത്തിലൂടെ ജോജു ജോര്‍ജ് നേട്ടമുണ്ടാക്കിയിട്ടുണ്ട്. ബോക്സ് ഓഫീസില്‍ ചിത്രം 35 കോടി നേടി എന്നാണ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. മുതല്‍മുടക്ക് പരിഗണിക്കുമ്പോള്‍ സൂപ്പര്‍ഹിറ്റ് ആണ് ചിത്രം.
അതേസമയം 50 ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് അണിയറക്കാര്‍ പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയിലെത്തി സഹനടനായി, നായക നിരയിലേക്കുയർന്ന് മലയാളികളുടെയും അന്യഭാഷാ പ്രേക്ഷകരുടെയുമെല്ലാം പ്രിയപ്പെട്ട നടനായി മാറിയ ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിച്ച 'പണി'ക്ക് തിയേറ്ററുകളിൽ വൻ ജന പിന്തുണയാണ് ലഭിച്ചത്. ഹെവി ആക്ഷൻ പാക്ക്ഡ് ഫാമിലി എന്‍റർടെയ്നറായി എത്തിയ ചിത്രം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദർശനത്തിനായി എത്തുകയുണ്ടായി.
രണ്ടര പതിറ്റാണ്ടിലേറെ പിന്നിട്ട സിനിമാ ജീവിതത്തിലെ തന്‍റെ അനുഭവ സമ്പത്തുമായാണ് 'പണി'യുമായി തിരക്കഥാകൃത്തും സംവിധായകനുമായി പ്രേക്ഷകരുടെ മുമ്പിലേക്ക് ജോജു പണിയുമായി എത്തിയത്. ചിത്രത്തിലെ നായക വേഷവും അദ്ദേഹം മികവുറ്റതാക്കി. ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി എത്തിയ അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. മികച്ച രീതിയിലാണ് തനിക്ക് ലഭിച്ച വേഷം അവർ അവതരിപ്പിച്ചത്. താരങ്ങളായ സാഗർ സൂര്യ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിരുന്നു. സാഗറും ജുനൈസും 'പണി'യിൽ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുന്ന പ്രകടനമാണ് നടത്തിയത്. മലയാളം ഇതുവരെ കാണാത്ത രീതിയിലുള്ള പ്രതിനായക കഥാപാത്രങ്ങളായിരുന്നു ഇരുവരും.
ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തിയ ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്.
ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര ടെക്നീഷ്യന്‍മാരാണ് ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ്, സന്തോഷ് നാരായണൻ എന്നിവരാണ് സംഗീതം. ക്യാമറ വേണു ഐഎസ്‍സി, ജിന്‍റോ ജോർജ്. എഡിറ്റർ: മനു ആന്‍റണി, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, സ്റ്റണ്ട്: ദിനേശ് സുബ്ബരായൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോഷൻ എൻ.ജി, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്.