100 കോടി ക്ലബ്ബുകള്‍ ഒന്നല്ല, രണ്ടെണ്ണം! മലയാളത്തില്‍ ആ രണ്ട് നായകന്മാര്‍ക്ക് മാത്രം

2016 ലാണ് മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം എത്തുന്നത്

only mohanlal and tovino thomas have two 100 crore club movies in malayalam arm 2018 lucifer pulimurugan

തമിഴ്, തെലുങ്ക് സിനിമകളുടെയത്ര വരില്ലെങ്കിലും മലയാള സിനിമയുടെയും മാര്‍ക്കറ്റ് വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്‍ഫോമുകള്‍ നേടിയ ജനപ്രീതി ഇതരഭാഷാ സിനിമാ പ്രേക്ഷകര്‍ക്ക് മലയാള സിനിമ പരിചയപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു. മലയാള സിനിമകള്‍ മലയാളികളല്ലാത്തവര്‍ അവരുടെ നാടുകളില്‍ തിയറ്ററില്‍ പോയി കാണുന്ന കാഴ്ച ഇന്ന് സാധാരണമാണ്. ചില ചിത്രങ്ങള്‍ അത്തരത്തില്‍ വന്‍ വിജയങ്ങളുമായി. മറ്റൊരു ചിത്രം കൂടി 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതാണ് മലയാള സിനിമയില്‍ നിന്നുള്ള ഏറ്റവും പുതിയ ബോക്സ് ഓഫീസ് വര്‍ത്തമാനം.

ജിതിന്‍ ലാലിന്‍റെ സംവിധാനത്തില്‍ ടൊവിനോ ട്രിപ്പിള്‍ റോളിലെത്തിയ എആര്‍എം (അജയന്‍റെ രണ്ടാം മോഷണം) ആണ് മലയാളത്തിലെ ഏറ്റവും ഒടുവിലത്തെ 100 കോടി ക്ലബ്ബ് ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 100 കോടി പിന്നിട്ടതായി ഞായറാഴ്ചയാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്. ഇതോടെ ടൊവിനോ തോമസ് ഒരു അപൂര്‍വ്വ നേട്ടത്തിനും അര്‍ഹനായി. രണ്ട് 100 കോടി ക്ലബ്ബ് ചിത്രങ്ങളുള്ള താരം എന്ന നിലയിലേക്കാണ് ടൊവിനോ മലയാളത്തിന്‍റെ നായകനിരയില്‍ താരമൂല്യം ഉയര്‍ത്തിയിരിക്കുന്നത്.

മലയാളത്തില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് ഈ നേട്ടം ഉള്ളത്. മോഹന്‍ലാലും ടൊവിനോയും മാത്രം. പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ 2016 ല്‍ മോഹന്‍ലാല്‍ ആണ് മലയാളത്തില്‍ 100 കോടി ക്ലബ്ബ് തുറന്നതുതന്നെ. പിന്നീട് 2019 ല്‍ എത്തിയ, അദ്ദേഹം നായകനായ ലൂസിഫറും 100 കോടി ക്ലബ്ബില്‍ എത്തി. 2013 ല്‍ എത്തിയ 2018 എന്ന ചിത്രമാണ് ടൊവിനോയുടെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം. എന്നാല്‍ നായകനായിരുന്നെങ്കിലും ഒരു സോളോ ഹീറോ ചിത്രമെന്ന് 2018 നെ വിളിക്കാനാവില്ല. കുഞ്ചാക്കോ ബോബനും ആസിഫ് അലിയും വിനീത് ശ്രീനിവാസനും നരെയ്‍നുമൊക്കെ ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. കേരളം നേരിട്ട പ്രളയത്തിന്‍റെ അനുഭവം പങ്കുവെക്കുന്ന ചിത്രം നിലവില്‍ മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റ് ആണ്. 175 കോടിയാണ് ചിത്രത്തിന്‍റെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍.

അതേസമയം സൗബിന്‍ ഷാഹിര്‍ (മഞ്ഞുമ്മല്‍ ബോയ്സ്/ സോളോ ഹീറോ അല്ല), പൃഥ്വിരാജ് സുകുമാരന്‍ (ആടുജീവിതം), ഫഹദ് ഫാസില്‍ (ആവേശം), നസ്‍ലെന്‍ (പ്രേമലു) എന്നിവരാണ് 100 കോടി ക്ലബ്ബിലെത്തിയ മലയാളത്തിലെ മറ്റ് നായക നടന്മാര്‍. 

ALSO READ : മുജീബ് മജീദിന്‍റെ സംഗീതം; 'കിഷ്‍കിന്ധാ കാണ്ഡ'ത്തിലെ ഗാനമെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios