ഭ്രമയുഗം ആശങ്കയിലോ?, പ്രേമലു ആഗോള കളക്ഷനിൽ ആ നിര്‍ണായക സംഖ്യയിൽ
പ്രേമലുവിന്റെ കുതിപ്പില്‍ പിന്നിലായത് ഭ്രമയുഗമാണ്.
മലയാളത്തില്‍ 2024ന്റെ സര്‍പ്രൈസാണ് പ്രേമലു. നാലാമാഴ്‍ചയിലും കേരളത്തില്‍ നിന്ന് ഒരു കോടിയില്‍ അധികം നേടാൻ പ്രേമലുവിന് കഴിയുന്നുണ്ട്. ഒടുവില്‍ മറ്റൊരു നേട്ടത്തിലും പ്രേമലു എത്തിയിരിക്കകയാണ്. ആഗോള ബോക്സ് ഓഫീസില്‍ 70 കോടി ക്ലബില്‍ നസ്‍ലെന്റെ പ്രേമലു എത്തിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
പുതുമ നിറഞ്ഞ അവതരണമാണ് പ്രേമലു സിനിമയുടെ പ്രധാന ആകര്‍ഷണമായിരിക്കുന്നത് എന്ന് മിക്ക പ്രേക്ഷകരും അഭിപ്രായപ്പെടുന്നു. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയതാണ് പ്രേമലു. യുവാക്കളുടെ പ്രണയമാണ് പ്രേമലുവില്‍ പറയുന്നത്. പുതിയ കാലത്തിന് യോജിക്കുന്ന തമാശകളാണ് ചിത്രത്തിന്റെ പ്രത്യേകതയായി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
ഭ്രമയുഗത്തിനും മുന്നേയെത്തിയതായിരുന്നു പ്രേമലു എങ്കിലും തിയറ്ററുകള്‍ കൂടുതല്‍ ലഭിക്കുന്നത് നസ്‍ലെനും മമിതയും പ്രധാന കഥാപാത്രങ്ങളായി ചെറിയ ബജറ്റില്‍ എത്തിയ ചിത്രത്തിനാണ് എന്നത് ഒരു പ്രത്യേകതയായി കാണാം. മഞ്ഞുമ്മല്‍ ബോയ്‍സിന് മികച്ച അഭിപ്രായവും കളക്ഷനില്‍ മുന്നേറ്റവുമുണ്ടാക്കാൻ സാധിച്ചെങ്കിലും യുവ നടൻ നസ്‍ലെന്റെ പ്രേമലുവിന്റെ കുതിപ്പ് തടയാൻ അതൊന്നും മതിയാകുന്നില്ല. കേരളത്തിനും പുറത്തും നസ്‍ലെൻ നായകനായ ചിത്രം കാണാൻ നിരവധി പേരാണ് ഒഴുകിയെത്തുന്നതെന്ന് ഭ്രമയുഗത്തെയും ആശങ്കയിലാക്കുന്നുണ്ടെങ്കിലും മോളിവുഡിന്റെ ഭാവിക്ക് പ്രതീക്ഷ പകരുന്നതാണ് എന്നാണ് അഭിപ്രായങ്ങള്‍. ഭ്രമയുഗത്തിനേക്കാളും പ്രേമയുഗമാണ് കേരളത്തിലും നിറഞ്ഞ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇങ്ങനെ പോയാല്‍ പ്രേമലു 100 കോടി ക്ലബില്‍ ആഗോള ബോക്സ് ഓഫീസ്‍ എത്തിയേക്കും എന്ന് പ്രതീക്ഷിക്കുന്നതായി പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. ഗീരീഷ് എ ഡിയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും നസ്‍ലെനും മമിത്യ്‍ക്കുമൊപ്പം പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് അജ്‍മല്‍ സാബുവാണ്. സംഗീതം വിഷ്‍ണു വിജയ്‍യും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക