ബജറ്റിന്‍റെ 45 മടങ്ങ് കളക്ഷൻ! 2024 ൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും ലാഭകരമായ ചിത്രം ഇതാണ്
ചിത്രത്തിന്‍റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്
ബോളിവുഡിനെ സംബന്ധിച്ച് അത്ര ശുഭകരമല്ലായിരുന്നു കാര്യങ്ങളെങ്കിലും മൊത്തത്തില്‍ ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് മികച്ച വര്‍ഷമായിരുന്നു 2024. പ്രത്യേകിച്ച് തെലുങ്ക്, മലയാളം സിനിമകളെ സംബന്ധിച്ച്. ഇന്ത്യയിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ മുന്‍നിരയിലേക്ക് പുഷ്‍പ 2 എത്തിയപ്പോള്‍ മലയാള സിനിമ ബോക്സ് ഓഫീസിലും ഉള്ളടക്കത്തിലും വിസ്മയം തീര്‍ത്തു എന്ന് മാത്രമല്ല, രാജ്യമൊട്ടാകെ ചര്‍ച്ചയാവുകയും ചെയ്തു. ഇപ്പോഴിതാ 2024 ലെ ഏറ്റവും ലാഭകരമായ ചിത്രം ഏതെന്ന റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയാവുകയാണ്. മലയാളത്തില്‍ നിന്ന് തന്നെയാണ് ആ ചിത്രവും.
ബജറ്റിന്‍റെ 45 മടങ്ങ് കളക്ഷന്‍ നിര്‍മ്മാതാവിന് നേടിക്കൊടുത്ത ചിത്രമാണ് അത്. നസ്‍ലെന്‍, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു ആണ് ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ലാഭകരമായ ചിത്രമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബജറ്റും കളക്ഷനും പരിഗണിക്കുമ്പോഴാണിത്. വെറും 3 കോടി മാത്രമായിരുന്നു പ്രേമലുവിന്‍റെ ബജറ്റ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ആകെ നേടിയത് 136 കോടിയും. അതായത് ബജറ്റിന്‍റെ 45 മടങ്ങ്. കഴിഞ്ഞ വര്‍ഷം എന്ന് മാത്രമല്ല, ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ലാഭകരമായ ചിത്രങ്ങളിലൊന്നുമാണ് പ്രേമലു.
കളക്ഷനില്‍ പ്രേമലുവിന്‍റെ പല മടങ്ങ് നേടിയ ചിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായെങ്കിലും അവയുടെ ബജറ്റും കൂടുതല്‍ ആയിരുന്നു. ഉദാഹരണത്തിന് 1800 കോടി നേടിയ പുഷ്പയുടെ ബജറ്റ് 350 കോടി ആയിരുന്നു. 1000 കോടിക്ക് മേല്‍ നേടിയ കല്‍ക്കി 2898 എഡിയുടെ ബജറ്റ് 600 കോടി ആയിരുന്നു. ബോളിവുഡിലെ ഏറ്റവും വലിയ വിജയമായിരുന്ന സ്ത്രീ 2 875 കോടി കളക്റ്റ് ചെയ്തെങ്കില്‍ ബജറ്റ് 90 കോടി ആയിരുന്നു. അതേസമയം ഇതിനകം പ്രഖ്യാപിച്ചിട്ടുള്ള പ്രേമലു 2 കൂടുതല്‍ വലിയ കാന്‍വാസിലാവും ഒരുങ്ങുക.
ALSO READ : 'മാളികപ്പുറം' ടീം വീണ്ടും, ഇക്കുറി വേറിട്ട വഴിയേ; 'സുമതി വളവ്' ഫസ്റ്റ് ലുക്ക്