കേരളത്തില്‍ നേര് നേടിയത്?, കളക്ഷൻ കണക്കുകള്‍ പ്രതീക്ഷകള്‍ക്കുമപ്പുറം, മോഹൻലാലിന്റെ വമ്പൻ ജയം
കേരളത്തില്‍ നേര് നേടിയത് പ്രതീക്ഷകള്‍ക്കുമപ്പുറം.
ഇന്നലെയാണ് മോഹൻലാലിന്റെ നേര് 50 കോടി ക്ലബില്‍ എത്തിയത്. നേര് ആഗോളതലത്തില്‍ ആകെ ഒമ്പത് ഒമ്പത് ദിവസത്തിലാണ് ഇത്തരമൊരു നേട്ടത്തില്‍ എത്തിയത്. ആഗോളതലത്തില്‍ മലയാളത്തിന്റെ നേര് 50 കോടി ക്ലബില്‍ എത്തിയത് മോഹൻലാല്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. കേരള ബോക്സ് ഓഫീസില്‍ 28 കോടി രൂപയില്‍ അധികം മോഹൻലാല്‍ നായകനായ നേര് വെറും ഒമ്പത് ദിവസത്തിനുള്ളില്‍ നേടി എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
അത്ഭുതപ്പെടുത്തുന്ന കുതിപ്പാണ് മോഹൻലാല്‍ നായകനായ ചിത്രം കേരള ബോക്സ് ഓഫീസില്‍ നടത്തുന്നത് എന്ന് വ്യക്തം. അധികം ആരവങ്ങളില്ലാതെ എത്തിയ ഒരു ചിത്രം വമ്പൻ വിജയം നേടുന്നതാണ് മോളിവുഡിനെ അമ്പരപ്പിക്കുന്നത്. നേരിന്റെ കേരള ബോക്സ് ഓഫീസ് കളക്ഷൻ പ്രതീക്ഷിക്കപ്പുറത്താകും എന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. മോഹൻലാല്‍ നായകനായി എത്തിയ ഒരു ചിത്രം ഹിറ്റാവുമ്പോള്‍ സ്വാഭാവികമായും ലഭിക്കുന്ന സ്വീകാര്യത ഇതിനകം നേരിനും ഉണ്ടായിട്ടുണ്ട് എന്നാണ് ബോക്സ് ഓഫിസ് റിപ്പോര്‍ട്ടുകള്‍.
കേരളത്തില്‍ മാത്രമല്ല വിദേശത്തും മോഹൻലാല്‍ ചിത്രത്തിന് മികച്ച നേട്ടങ്ങളുണ്ടാക്കാൻ കഴിയുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎഎയിലെ വിവിധയിടങ്ങളില്‍ നേരിന് ഫാൻസ് ഷോകളും റിലീസിന് മുന്നേ ചാര്‍ട്ട് ചെയ്‍തിരുന്നു. നേര് വമ്പൻ വിജയമായതോടെ കൂടുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതെല്ലാം ആഗോളതലത്തില്‍ നേരിന്റെ ആകെ കളക്ഷനില്‍ പ്രതിഫലിക്കും എന്ന പ്രതീക്ഷയിലാണ് മോഹൻലാലിന്റെ ആരാധകര്‍.
സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹൻലാല്‍ നായകനായി എത്തുമ്പോഴുള്ള പ്രതീക്ഷകളെല്ലാം ശരിവച്ചിരിക്കുകയാണ് നേരിന്റെ വിജയം. നടൻ എന്ന നിലയിലുള്ള മോഹൻലാലിനെ ചിത്രത്തില്‍ അവതരിപ്പിക്കാൻ ജീത്തു ജോസഫ് നടത്തിയ ശ്രമങ്ങള്‍ വിജയത്തിലെത്തിയിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍. താരഭാരമില്ലാതെ മോഹൻലാലിനെ ഒരു കഥാപാത്രമായി ചിത്രത്തില്‍ കാണാനാകുന്നു. സ്വാഭിവകമായ ഒരു വേഷപകര്‍ച്ചയാണ് മോഹൻലാല്‍ ചിത്രത്തില്‍ നടത്തിയിരിക്കുന്നത് എന്നുമാണ് ആരാധകരുടെ അഭിപ്രായങ്ങള്‍.
Read More: ആമിറും പ്രഭാസുമല്ല, ഇന്ത്യയില്‍ 100 കോടി ക്ലബില്‍ ആ ഡിസ്‍കോ ഡാൻസറാണ് ആദ്യമെത്തിയത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക