42 വര്‍ഷം മുന്‍പ് വിദേശത്ത് മാത്രം വിറ്റത് 12 കോടി ടിക്കറ്റ്! ഇന്ത്യന്‍ സിനിമയിലെ ആദ്യ 100 കോടി ചിത്രം അതാണ്
ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ, ഹം ആപ്കേ ഹേ കോന്‍ തുടങ്ങിയ ചിത്രങ്ങളൊന്നുമല്ല അത്
100 കോടി ക്ലബ്ബ് എന്നത് ഇന്ന് മലയാള സിനിമയ്ക്ക് പോലും പ്രാപ്യമായ ലക്ഷ്യമാണ്. വൈഡ് റിലീസിംഗും ഉയര്‍ന്ന ടിക്കറ്റ് നിരക്കുമൊക്കെയാണ് ഇതിന് കാരണം. എന്നാല്‍ തെന്നിന്ത്യന്‍ സിനിമയേക്കാള്‍ ഏറെ മുന്‍പ് ബോളിവുഡ് സാധാരണമാക്കിയിരുന്നു 100 കോടി എന്ന നേട്ടം. ഇന്ത്യന്‍ സിനിമയിലെ ആദ്യ 100 കോടി ചിത്രം ഏതാണെന്ന ചര്‍ച്ചയില്‍ സിനിമാപ്രേമികള്‍ പല സിനിമകളുടെ പേരുകള്‍ പറയാറുണ്ട്. ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ, ഹം ആപ്കേ ഹേ കോന്‍ എന്നീ ചിത്രങ്ങളൊക്കെ പലരും ഈ ചര്‍ച്ചയിലേക്ക് കൊണ്ടുവരാറുണ്ട്. എന്നാല്‍ ആ ചിത്രങ്ങള്‍ക്കൊന്നുമല്ല ഈ സവിശേഷ ടൈറ്റിലിന് അര്‍ഹത എന്നതാണ് യാഥാര്‍ഥ്യം.
ബാബര്‍ സുഭാഷിന്‍റെ സംവിധാനത്തില്‍ 42 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തെത്തിയ ഡിസ്കോ ഡാന്‍സര്‍ എന്ന ചിത്രമാണ് ഇന്ത്യന്‍ സിനിമയില്‍ നിന്ന് ആദ്യമായി 100 കോടിയുടെ ബോക്സ് ഓഫീസ് നേട്ടത്തിലെത്തിയ ചിത്രം. നൃത്തത്തിന് പ്രാധാന്യമുള്ള ചിത്രത്തില്‍ മിഥുന്‍ ചക്രവര്‍ത്തി ആയിരുന്നു നായകന്‍. 1982 ഡിസംബര്‍ 17 നാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ടത്. പ്രേക്ഷകര്‍ക്കിടയില്‍ വലിയ ജനപ്രീതി നേടിയെങ്കിലും ആ സമയത്ത് ഡിസ്കോ ഡാന്‍സറേക്കാള്‍ കളക്ഷന്‍ നേടിയ മറ്റ് രണ്ട് സിനിമകള്‍ ഉണ്ടായിരുന്നു. സുഭാഷ് ഘായ്‍യുടെ സംവിധാനത്തിലെത്തിയ വിധാത, പ്രകാശ് മെഹ്റയുടെ സംവിധാനത്തിലെത്തിയ നമക് ഹലാല്‍ എന്നിവയായിരുന്നു ആ സിനിമകള്‍.
ഡിസ്കോ ഡാന്‍സര്‍ 6.40 കോടിയാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്ന് നേടിയതെങ്കില്‍ നമക് ഹലാല്‍ 12 കോടിയും വിധാത 14 കോടിയും നേടി. പിന്നെ എങ്ങനെ ഡിസ്കോ ഡാന്‍സര്‍ 100 കോടി ക്ലബ്ബില്‍ എത്തിയതെന്ന് സംശയിക്കുന്നുണ്ടാവും. ഇന്ത്യയില്‍ നിന്നല്ല, മറിച്ച് വിദേശ റിലീസിലൂടെയാണ് അത് സാധ്യമായത്. രണ്ട് വര്‍ഷത്തിന് ശേഷം 1984 ല്‍ സോവിയറ്റ് റഷ്യയില്‍ ചിത്രം റിലീസ് ചെയ്തതാണ് വഴിത്തിരിവായത്. 12 കോടി ടിക്കറ്റുകളാണ് ഈ ചിത്രത്തിന്‍റേതായി അവിടെ വിറ്റത്. അതിലൂടെ ലഭിച്ച കളക്ഷന്‍ 60 മില്യണ്‍ റൂബിള്‍ ആയിരുന്നു. അതായത് 94.28 കോടി ഇന്ത്യന്‍ രൂപ. ഇന്ത്യന്‍ കളക്ഷനുമായി ചേര്‍ത്ത് വെക്കുമ്പോള്‍ ചിത്രത്തിന്‍റെ ആഗോള കളക്ഷന്‍ 100.68 കോടിയായി. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും അത്ഭുതങ്ങളിലൊന്നാണ് ഡിസ്കോ ഡാന്‍സര്‍ നേടിയ വിജയം.
ALSO READ : ഭയപ്പെടുത്താന്‍ 'ചിത്തിനി' വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു