ഒരേ സമയം തിയറ്ററിലും പ്രൈമിലും; 'മാസ്റ്റര്‍' ഇതുവരെ നേടിയ കളക്ഷന്‍

വ്യത്യസ്തമായ ഒരു ബിസിനസ് മോഡല്‍ ആണ് മാസ്റ്റര്‍ സിനിമാ വ്യവസായത്തിന് മുന്നിലേക്ക് വച്ചിരിക്കുന്നത്

master box office collection till date

സവിശേഷ സാഹചര്യത്തില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമായതിനാല്‍ ഇന്ത്യയൊട്ടുക്കുമുള്ള വിവിധ ഭാഷാ ഇന്‍ഡസ്ട്രികള്‍ ശ്രദ്ധയോടെ നിരീക്ഷിച്ച ഒന്നായിരുന്നു വിജയ് ചിത്രം 'മാസ്റ്ററി'നു ലഭിച്ച പ്രേക്ഷക പ്രതികരണം. കൊവിഡ് ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ സ്ക്രീനിലേക്ക് എത്തിയ ആദ്യ സൂപ്പര്‍സ്റ്റാര്‍ ചിത്രമായ 'മാസ്റ്ററി'ന് ഉത്തരേന്ത്യയില്‍ മാത്രമാണ് പരാജയം നേടിടേണ്ടിവന്നത്. കേരളമുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും ചിത്രം വിജയമായിരുന്നു. ഇപ്പോഴിതാ റിലീസിന്‍റെ 17-ാം ദിവസം ആമസോണ്‍ പ്രൈം വഴി ഒടിടി റിലീസും നടത്തിയിരിക്കുന്നു ചിത്രം. തിയറ്ററില്‍ മികച്ച പ്രതികരണം നേടിയ ഒരു ചിത്രം രണ്ടാഴ്ചയ്ക്കിപ്പുറം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യപ്പെട്ടു എന്നതും കൗതുകകരമായ വസ്തുതയാണ്. കൊവിഡ് സാഹചര്യം പൂര്‍ണ്ണമായും ഒഴിഞ്ഞാലും വരാനിരിക്കുന്ന കാലത്തെ സിനിമാവ്യവസായത്തിന് ചിന്തിക്കാനുള്ള നിരവധി വിഷയങ്ങള്‍ മുന്നിലേക്ക് ഇട്ടുകൊടുത്തിരിക്കുകയാണ് 'മാസ്റ്റര്‍'.

ആദ്യ രണ്ടാഴ്ചത്തെ കണക്കുകള്‍ പ്രകാരം മാസ്റ്റര്‍ ഇന്ത്യയില്‍ നിന്ന് നേടിയ ഗ്രോസ് 186 കോടിയാണ്. നെറ്റ് 158 കോടിയും. വിദേശ മാര്‍ക്കറ്റുകളിലെ ഗ്രോസ് 45 കോടി. ആകെ ഗ്രോസ് കളക്ഷന്‍ 231 കോടി. ചിത്രം പ്രൈമില്‍ എത്തിയ സ്ഥിതിക്ക് ഇനിയുള്ള ദിനങ്ങളിലെ തിയറ്റര്‍ കളക്ഷന്‍, വിശേഷിച്ചും ഈ വാരാന്ത്യത്തിലേത് എന്താവുമെന്നത് കോളിവുഡ് ഇന്‍ഡസ്ട്രി കൗതുകപൂര്‍വ്വം കാത്തിരിക്കുന്ന ഒന്നാണ്. ആദ്യ വാരത്തില്‍ തമിഴ്നാട്ടില്‍ നിന്നുമാത്രം 96.70 കോടി നേടിയെടുത്ത ചിത്രം പിന്നീടുള്ള വാരത്തിലും മോശമില്ലാത്ത കളക്ഷന്‍ നേടിയിരുന്നു. ഗ്രാമപ്രദേശങ്ങളിലെ നിരവധി തിയറ്ററുകളില്‍ വാരാന്ത്യത്തില്‍ ഹൗസ്‍ഫുള്‍ പ്രദര്‍ശനങ്ങളും നടന്നിരുന്നു. ഒടിടി റിലീസ് നടന്നെങ്കിലും ഗ്രാമപ്രദേശങ്ങളിലെ തിയറ്ററുകളില്‍ ചിത്രം ഒരു വാരം കൂടിയെങ്കിലും ഭേദപ്പെട്ട പ്രതികരണം നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. 

കഴിഞ്ഞ വര്‍ഷത്തെ പൊങ്കല്‍ റിലീസ് ആി തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന മാസ്റ്റര്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തിനിപ്പുറമാണ് റിലീസ് ചെയ്യാനായത്. ഈ ഇടവേളയില്‍ ചിത്രത്തിന് ആരാധകര്‍ക്കിടയിലുള്ള വലിയ കാത്തിരിപ്പ് മുന്നില്‍ക്കണ്ട് ഡയറക്ട് ഒടിടി റിലീസിനായുള്ള വലിയ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് സേവ്യര്‍ ബ്രിട്ടോ പറഞ്ഞിരുന്നു. ചിത്രത്തിന്‍റെ ഡയറക്ട് ഒടിടി റിലീസിനായുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി പ്രചരണങ്ങളും ഉണ്ടായി. എന്നാല്‍  അത്തരത്തിലുള്ള ഓഫര്‍ ഉണ്ടായെങ്കിലും തിയറ്റര്‍ റിലീസ് എന്ന തീരുമാനത്തില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുകയാണെന്നായിരുന്നു നിര്‍മ്മാതാവിന്‍റെ പ്രതികരണം. വിജയ്‍യും തിയറ്റര്‍ റിലീസ് വേണമെന്ന അഭിപ്രായക്കാരനാണെന്നും നിര്‍മ്മാതാവ് പറഞ്ഞിരുന്നു. ഏതായാലും വ്യത്യസ്തമായ ഒരു ബിസിനസ് മോഡല്‍ ആണ് മാസ്റ്റര്‍ സിനിമാ വ്യവസായത്തിന് മുന്നിലേക്ക് വച്ചിരിക്കുന്നത്. വലിയ തിയറ്റര്‍ പ്രതികരണം നേടുന്ന ചിത്രം രണ്ടാഴ്ചത്തെ കളക്ഷന്‍ നേടിക്കഴിഞ്ഞ് ഒടിടി റിലീസ് ചെയ്യുന്ന ഒരു മാതൃക. എന്നാല്‍ സിനിമാവ്യവസായം ഇതിനെ എത്തരത്തിലാണ് എടുക്കുന്നതെന്ന് കണ്ടറിയാന്‍ കാത്തിരിക്കണം. 

Latest Videos
Follow Us:
Download App:
  • android
  • ios