തെലുങ്കിലും കൈയടി? ജാക്ക്പോട്ട് അടിക്കുമോ 'മാര്‍ക്കോ'? റിലീസ് ദിനത്തിലെ ആദ്യ സൂചനകള്‍ ഇങ്ങനെ
മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ സിനിമ
ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് മലയാള സിനിമ തിയറ്ററുകളില്‍ പ്രേക്ഷകരെ നേടിത്തുടങ്ങിയത് സമീപകാലത്താണ്. മഞ്ഞുമ്മല്‍ ബോയ്‍സും പ്രേമലുവും അത്തരത്തില്‍ മറുഭാഷാ പ്രേക്ഷകരെ തിയറ്ററുകളില്‍ എത്തിച്ച ചിത്രങ്ങളാണ്. ഇപ്പോഴിതാ അതിന് തുടര്‍ച്ചയാവുകയാണ് ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ. മലയാളത്തിന് ഒപ്പം എത്തിയ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിന് ഉത്തരേന്ത്യയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിതാ ഇന്ന് തെലുങ്ക് പതിപ്പും തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. അതിന്‍റെ ആദ്യ പ്രതികരണങ്ങളും പുറത്തെത്തിയിട്ടുണ്ട്.
300 തിയറ്ററുകളിലാണ് തെലുങ്ക് പതിപ്പ് ഇന്ന് പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ബുക്ക് മൈ ഷോയില്‍ ചിത്രത്തിന്‍റെ ടിക്കറ്റ് വില്‍പ്പനയില്‍ കാര്യമായ മുന്നേറ്റം ദൃശ്യമാവുന്നു എന്നതാണ് പുതുവത്സര ദിനത്തിലെ കാഴ്ച. തെലുങ്ക് പതിപ്പിന്‍റെ റിലീസ് ആണ് ഇതിന് പ്രധാന കാരണം. ഹൈദരാബാദ്, സെക്കന്തരാബാദ്, ഗച്ചിബൗളി, അമീര്‍പെട്ട്, കുകട്പള്ളി, നിസാംപെട്ട് എന്നിവിടങ്ങളിലെല്ലാം ചിത്രത്തിന് ആദ്യദിനം ഫാസ്റ്റ് ഫില്ലിംഗ് ഷോകള്‍ ലഭിക്കുന്നുണ്ട്. ചെന്നൈയില്‍ റിലീസ് ചെയ്യപ്പെട്ടിരിക്കുന്ന തെലുങ്ക് പതിപ്പിനും ഫാസ്റ്റ് ഫില്ലിംഗ് ഷോകള്‍ ലഭിക്കുന്നു എന്നതാണ് കൗതുകകരം.
ചിത്രം കണ്ട പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായങ്ങളാണ് ആദ്യ ദിനം ലഭിക്കുന്നത്. കളക്ഷനില്‍ ഇത് എത്രത്തോളം മുന്നേറ്റം സൃഷ്ടിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാലോകം. മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രത്തിന്‍റെ മലയാളം, ഹിന്ദി പതിപ്പുകളുടെ റിലീസ് ഡിസംബര്‍ 20 ന് ആയിരുന്നു. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കലൈ കിംഗ്സണ് ആണ് ചിത്രത്തിന്‍റെ ആക്ഷന്‍ ഡയറക്ടര്‍.
ALSO READ : സംഗീതം നവനീത്; 'സ്വച്ഛന്ദമൃത്യു'വിലെ ഗാനമെത്തി