ഇന്നലെ മാത്രം വിറ്റത് 49,000 ടിക്കറ്റുകള്‍! തമിഴ്നാട് ബോക്സ് ഓഫീസില്‍ ഈ വാരാന്ത്യം സംഭവിക്കുക അത്ഭുതം?
തമിഴ്നാടിന്‍റെ ബോക്സ് ഓഫീസ് ചരിത്രത്തില്‍ ഏറ്റവുമധികം കളക്റ്റ് ചെയ്യുന്ന മലയാള സിനിമ
മലയാള സിനിമകള്‍ക്ക് കാലാകാലങ്ങളായി റിലീസ് ഉള്ള നഗരമാണ് ചെന്നൈ. മലയാളികളുടെ വലിയ സംഖ്യ ഉണ്ടെന്നത് തന്നെ കാരണം. എന്നാല്‍ മലയാളികളല്ലാത്തവര്‍ മലയാള സിനിമയ്ക്ക് പ്രേക്ഷകരായി എത്തുന്നത് അപൂര്‍വ്വമാണ്. മുന്‍പ് പ്രേമം അത്തരത്തില്‍ അവിടെ തരംഗം തീര്‍ത്തിരുന്നു. ഇപ്പോഴിതാ മഞ്ഞുമ്മല്‍ ബോയ്‍സും. ചെന്നൈയില്‍ മാത്രമല്ല, തമിഴ്നാട്ടില്‍ അങ്ങോളമിങ്ങോളം മികച്ച സ്ക്രീന്‍ കൗണ്ടോടെ, വന്‍ മൗത്ത് പബ്ലിസിറ്റി നേടി പ്രദര്‍ശനം തുടരുകയാണ് ചിത്രം.
പ്രേമം, ബാംഗ്ലൂര്‍ ഡെയ്സ്, 2018 എന്നിവയെയൊക്കെ മറികടന്ന് തമിഴ്നാടിന്‍റെ ബോക്സ് ഓഫീസ് ചരിത്രത്തില്‍ ഏറ്റവുമധികം കളക്റ്റ് ചെയ്യുന്ന മലയാള സിനിമയായി മഞ്ഞുമ്മല്‍ ബോയ്സ് ഇതിനകം മാറിയിരുന്നു. 3 കോടിക്ക് മുകളില്‍ നേടിയിട്ടുണ്ട് ചിത്രം. തമിഴ് യുട്യൂബ് ചാനലുകളിലെ ഏറ്റവും പുതിയ സംസാരവിഷയം ഈ മലയാള ചിത്രമാണ്. കൊടൈക്കനാല്‍ പ്രധാന പശ്ചാത്തലമാക്കുന്ന, കമല്‍ ഹാസന്‍റെ 1991 ചിത്രം ഗുണയുടെ റെഫറന്‍സ് ഉള്ള ചിത്രത്തില്‍ തമിഴ് അഭിനേതാക്കളുടെ സാന്നിധ്യവുമുണ്ട്. ബുധന്‍, വ്യാഴം ദിനങ്ങളില്‍ തമിഴ്നാട് ബോക്സ് ഓഫീസില്‍ കളക്ഷനില്‍ ഒന്നാമത് മഞ്ഞുമ്മല്‍ ബോയ്സ് ആയിരുന്നു. വെള്ളിയാഴ്ചത്തെ അഡ്വാന്‍സ് ബുക്കിംഗിലും അങ്ങനെ തന്നെ.
പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം ഇന്നലെ ചിത്രം തമിഴ്നാട്ടില്‍ വിറ്റിരിക്കുന്നത് 48,818 ടിക്കറ്റുകളാണ്. അതിലൂടെ നേടിയിരിക്കുന്നത് 73 ലക്ഷം രൂപയും. അവര്‍ ട്രാക്ക് ചെയ്ത 288 ഷോകളില്‍ നിന്നുള്ള കളക്ഷന്‍ കണക്കുകളാണ് ഇത്. ഗൌതം വസുദേവ് മേനോന്‍ ചിത്രം ജോഷ്വ: ഇമൈ പോല്‍ കാക്ക, ഹോളിവുഡ് ചിത്രം ഡ്യൂണ്‍ 2 അടക്കം ഇന്ന് നിരവധി പുതിയ റിലീസുകള്‍ എത്തിയിട്ടും അഡ്വാന്‍സ് ബുക്കിംഗില്‍ ഒന്നാമത് മഞ്ഞുമ്മല്‍ ബോയ്സ് ആയിരുന്നു. നിരവധി ഷോകള്‍ ഫാസ്റ്റ് ഫില്ലിംഗ് ആണ്. പ്രധാന സെന്‍ററുകളില്‍ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയുമുണ്ട്. തമിഴ്നാട് ബോക്സ് ഓഫീസില്‍ ഈ വാരാന്ത്യം ചിത്രം അത്ഭുതം പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ട്രേഡ് അനലിസ്റ്റുകള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം