തമിഴകം മട്ടും പോതാത്, തെലുങ്ക് ദേശവും വാണ് മഞ്ഞുമ്മൽ പിള്ളേർ; പ്രേമലു വീണു, 'കൊലതൂക്ക്' ആരംഭം
ആഗോളതലത്തിൽ 225 കോടിക്ക് അടുത്ത് മഞ്ഞുമ്മൽ നേടിയെന്നാണ് വിവരം.
സമീപകാലത്ത് മലയാളത്തിനൊപ്പം ഇതര ഭാഷാ സിനിമാസ്വദകർക്ക് ഇടയിലും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. മലയാളത്തിലെ ആദ്യ 200 കോടി ക്ലബ്ബ് എന്ന ഖ്യാതി സ്വന്തമാക്കിയ ചിത്രത്തിന് തമിഴ്നാട്ടിൽ ലഭിച്ച വരവേൽപ്പ് ഏവരും കണ്ടതാണ്. സ്വന്തം സിനിമ റിലീസ് ചെയ്യുന്ന ആവേശമായിരുന്നു തമിഴകത്ത് മഞ്ഞുമ്മൽ ബോയ്സിന്. ഒടുവിൽ 60 കോടിയോളം തമിഴ്നാട്ടിൽ നിന്നും മഞ്ഞുമ്മൽ സ്വന്തമാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം തെലുങ്കിലും മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തിരുന്നു. വലിയ വരവേൽപ്പാണ് തെലുങ്ക് ദേശത്തും സിനിമയ്ക്ക് ലഭിച്ചത്. ട്വിറ്റർ റിവ്യുകളിൽ നിന്നും തന്നെ അത് വ്യക്തമായിരുന്നു. ഇപ്പോഴിതാ തെലുങ്കിൽ മഞ്ഞുമ്മൽ ബോയ്സ് ആദ്യ ദിനം നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം 1.65 കോടിയാണ് ഫസ്റ്റ് ഡേ മഞ്ഞുമ്മൽ ബോയ്സ് നേടിയിരിക്കുന്നത്.
തെലുങ്ക് സംസ്ഥാനങ്ങളിൽ ഒരു മലയാളം ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന ബോക്സ് ഓഫീസ് കളക്ഷനാണിത്. സമീപകാല ഹിറ്റുകളിൽ ഒന്നായ പ്രേമലു ആദ്യ ദിനം നേടിയ കളക്ഷന്റെ ഇരട്ടിയിലധികം ആണ് മഞ്ഞുമ്മൽ ബോയ്സ് നേടിയിരിക്കുന്നത്. 33 ലക്ഷം ആയിരുന്നു പ്രേമലുവിന്റെ കളക്ഷൻ. ഇരുപത് കോടി അടുപ്പിച്ച് മഞ്ഞുമ്മൽ നേടുമെന്നാണ് ട്രാക്കർമാരുടെ വിലയിരുത്തലുകൾ. 34.47 കെ ടിക്കറ്റുകള്‍ വിറ്റ് ഏറ്റവും അധികം ടിക്കറ്റുകൾ വിറ്റുപോയ തെലുങ്ക് ഡബ്ബ് ചെയ്ത മലയാള ചിത്രം എന്ന ഖ്യാതിയും മഞ്ഞുമ്മലിന് സ്വന്തമായി.
മുന്നിൽ 50, 100, 200 കോടി സിനിമകൾ; പുത്തൻ ഹിറ്റാകുമോ 'വർഷങ്ങൾക്കു ശേഷം' ? വൻ അപ്ഡേറ്റ് എത്തി
അതേസമയം, തെലുങ്ക് സംസ്ഥാനങ്ങളില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ മലയാള ചിത്രം നിലവിൽ പ്രേമലു ആണ്. രണ്ടാം സ്ഥാനം മോഹൻലാലിന്റെ പുലിമുരുകനും മൂന്നാം സ്ഥാനത്ത് 2018ഉം ആണ്. തുടക്കം ഗംഭീരമായ സ്ഥിതിക്ക് പ്രമലുവിനെ മഞ്ഞുമ്മൽ ബോയ്സ് കടത്തിവെട്ടാൽ സാധ്യത വളരെയേറെയാണ്. അതേസമയം, ആഗോളതലത്തിൽ 225 കോടിക്ക് അടുത്ത് മഞ്ഞുമ്മൽ നേടിയെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..