962 ശതമാനം കുതിപ്പ്! രണ്ടാം വാരാന്ത്യ കളക്ഷനില്‍ തമിഴ്നാട് തിയറ്റര്‍ ഉടമകളെയും ഞെട്ടിച്ച് മഞ്ഞുമ്മല്‍ ബോയ്സ്
ഏതൊരു മലയാള ചിത്രത്തിന്‍റെ അണിയറക്കാരും സ്വപ്നം കാണുന്ന നേട്ടം
മലയാള സിനിമകള്‍ക്ക് തിയറ്ററുകളില്‍ ഇതരഭാഷാ പ്രേക്ഷകരെ ലഭിക്കുന്നത് അപൂര്‍വ്വമായിരുന്നു. എന്നാല്‍ ഒടിടിയുടെ വരവോടെ ഇതില്‍ ഒരു മാറ്റത്തിന് തുടക്കമായിരുന്നു. ഇപ്പോഴിതാ തമിഴ്നാട്ടില്‍ തരംഗം തീര്‍ക്കുകയാണ് ഒരു മലയാള ചിത്രം. ചിദംബരത്തിന്‍റെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തിയ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം മഞ്ഞുമ്മല്‍ ബോയ്സ് ആണ് അത്. ഫെബ്രുവരി 22 ന് കേരളത്തിനൊപ്പം തമിഴ്നാട്ടിലും ചിത്രം പ്രദര്‍ശനം ആരംഭിച്ചിരുന്നു. എന്നാല്‍ തിയറ്ററുകള്‍ കുറവായിരുന്നു. കഴിഞ്ഞ 11 ദിവസം കൊണ്ട് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ഏതൊരു മലയാള ചിത്രത്തിന്‍റെ അണിയറക്കാരും സ്വപ്നം കാണുന്ന നേട്ടം ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം റിലീസ് വാരാന്ത്യത്തില്‍ തമിഴ്നാട്ടില്‍ നിന്ന് ചിത്രം നേടിയത് ഒരു കോടിയില്‍ താഴെ (95,52,245) ആയിരുന്നു. ട്രാക്ക് ചെയ്യപ്പെട്ട 50 തിയറ്ററുകളില്‍ നിന്നുള്ള കണക്കാണ് ഇത്. എന്നാല്‍ തുടര്‍ ദിനങ്ങളില്‍ വമ്പന്‍ മൗത്ത് പബ്ലിസിറ്റി നേടിയതിനെത്തുടര്‍ന്ന് രണ്ടാം വാരാന്ത്യത്തില്‍ വമ്പന്‍ വളര്‍ച്ചയാണ് ചിത്രം തമിഴ് ബോക്സ് ഓഫീസില്‍ നേടിയത്. സിനിട്രാക്കിന്‍റെ കണക്കനുസരിച്ച് ഇത് 10 കോടിയില്‍ ഏറെയാണ്. ആദ്യ വാരാന്ത്യത്തെ അപേക്ഷിച്ച് 962 ശതമാനം വളര്‍ച്ചയാണ് രണ്ടാം വാരാന്ത്യത്തില്‍ ചിത്രം നേടിയിരിക്കുന്നത്. ഒരു മലയാള സിനിമയെ സംബന്ധിച്ച് ആദ്യമായാണ് ഇത്ര വലിയ ഒരു ബോക്സ് ഓഫീസ് കുതിപ്പ്.
അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 90 കോടിയില്‍ എത്തിയതായാണ് അനൗദ്യോഗിക കണക്കുകള്‍. കേരളത്തിലും വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ മികച്ച കളക്ഷന്‍ ഇപ്പോഴുമുള്ള ചിത്രം അടുത്ത ദിനങ്ങളില്‍ തന്നെ 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം