14 വര്‍ഷം മുന്‍പ് രജനി! മലയാളത്തിലേക്ക് ആ അപൂര്‍വ്വ നേട്ടം ആദ്യമായി എത്തിച്ച് 'മഞ്ഞുമ്മല്‍ ബോയ്‍സ്'

ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നത് ഇപ്പോഴും അവസാനിപ്പിക്കാതെ മഞ്ഞുമ്മല്‍ ബോയ്‍സ്

manjummel boys became first malayalam movie which collected more than 10 crores from all south indian states

മലയാള സിനിമ സമീപകാലത്ത് ഉണ്ടാക്കുന്ന നേട്ടം ഇന്ത്യയിലെ മറ്റ് ഭാഷാ സിനിമാ ഇന്‍ഡസ്ട്രികളൊക്കെയും സാകൂതമാണ് നോക്കിക്കാണുന്നത്. ഈ വര്‍ഷം ഇതുവരെയുള്ള കണക്കെടുത്താല്‍ ഏറ്റവുമധികം ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ വിജയിച്ചിരിക്കുന്നത് മലയാളത്തില്‍ നിന്നാണ്. മോളിവുഡ് ബോക്സ് ഓഫീസിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സ് ആണ് അക്കൂട്ടത്തില്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്ത്. നിരവധി കളക്ഷന്‍ റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ കുറിച്ച ചിത്രം ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

എല്ലാ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും 10 കോടിയിലധികം നേടിയ മലയാളത്തിലെ ആദ്യ ചിത്രം ആയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. ആന്ധ്ര, തെലങ്കാന മേഖലയില്‍ നിന്നുകൂടി 10 കോടി കളക്ഷന്‍ പിന്നിട്ടതോടെയാണ് മഞ്ഞുമ്മല്‍ ബോയ്സിന്‍റെ പേരില്‍ ഈ അപൂര്‍വ്വ നേട്ടം എത്തിയിരിക്കുന്നത്. കര്‍ണാടകയില്‍ നിന്ന് നേരത്തെ 10 കോടി നേടിയിരുന്ന ചിത്രം തമിഴ്നാട്ടില്‍ നിന്ന് 50 കോടിയിലേറെ നേടിയിരുന്നു. 

തെന്നിന്ത്യന്‍ സിനിമയില്‍ നിന്ന് ഈ റെക്കോര്‍ഡ് ആദ്യമായി ഇട്ട ചിത്രം രജനികാന്തിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം എന്തിരന്‍ ആണ്. 2010 ല്‍ ആയിരുന്നു എന്തിരന്‍റെ റിലീസ്. തെലുങ്കില്‍ നിന്ന് എസ് എസ് രാജമൗലിയുടെ ബാഹുബലി: ദി ബിഗിനിംഗും കന്നഡത്തില്‍ നിന്ന് കെജിഎഫ് രണ്ടുമാണ് അതത് ഇന്‍ഡസ്ട്രികളില്‍ നിന്ന് ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. മലയാള സിനിമയും ആ നിരയിലേക്ക് ചേര്‍ക്കപ്പെടുകയാണ് മഞ്ഞുമ്മല്‍ ബോയ്സിലൂടെ. ഇതര സംസ്ഥാനങ്ങളില്‍ മുന്‍പും മലയാള സിനിമകള്‍ റിലീസ് ചെയ്യപ്പെട്ടിരുന്നെങ്കിലും അവിടെ അവയുടെ കാണികള്‍ മലയാളികള്‍ മാത്രമായിരുന്നു. അതിനാണ് ഇപ്പോള്‍ മാറ്റമായിരിക്കുന്നത്. മഞ്ഞുമ്മല്‍ കൂടാതെ പ്രേമലു, ആടുജീവിതം, ആവേശം, വര്‍ഷങ്ങള്‍ക്കു ശേഷം എന്നീ ചിത്രങ്ങള്‍ക്കൊക്കെ മറുഭാഷാ പ്രേക്ഷകരെ കാണികളായി ലഭിക്കുന്നുണ്ട്.

ALSO READ : മോഹന്‍ലാല്‍, ദീപിക പദുകോണ്‍; 16 വര്‍ഷം മുന്‍പെത്തിയ ആ മെഗാ ഹിറ്റ് ചിത്രത്തില്‍ നടക്കാതെപോയ താരനിര്‍ണ്ണയം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios