'പ്രേമലു', 'ഭ്രമയുഗം'; അടുത്ത ഹിറ്റ് ലോഡിംഗ്? അഡ്വാന്‍സ് ബുക്കിംഗിലൂടെ 'മഞ്ഞുമ്മല്‍ ബോയ്‍സ്' ഇതുവരെ നേടിയത്
ഇന്ന് രാവിലെയാണ് പ്രീ ബുക്കിംഗ് ആരംഭിച്ചത്
സിനിമകള്‍ക്ക് പ്രീ റിലീസ് ശ്രദ്ധ കിട്ടാന്‍ എപ്പോഴും സൂപ്പര്‍താരങ്ങളുടെ സാന്നിധ്യം വേണമെന്നില്ല. സിനിമയുടെ സംവിധായകന്‍, അഭിനേതാക്കള്‍, എത്തരത്തിലുള്ള വിഷയം പറയുന്നു എന്നതൊക്കെ ഒരു ചിത്രത്തെ പ്രേക്ഷകശ്രദ്ധയിലേക്ക് നീക്കിനിര്‍ത്താറുണ്ട്. ഇപ്പോഴിതാ ഈ വാരം മലയാളത്തില്‍ പ്രദര്‍ശനമാരംഭിക്കുന്ന മഞ്ഞുമ്മല്‍ ബോയ്സ് അത്തരത്തില്‍ ഒന്നാണ്. നാളെ തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ പ്രീ ബുക്കിംഗില്‍ മികച്ച പ്രതികരണമാണ് സിനിമാപ്രേമികളുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്.
ഇന്ന് രാവിലെ ആരംഭിച്ച പ്രീ ബുക്കിംഗില്‍ വെറും അഞ്ചര മണിക്കൂര്‍ കൊണ്ട് ചിത്രത്തിന്‍റേതായി വിറ്റിരിക്കുന്നത് 54,222 ടിക്കറ്റുകളാണെന്ന് ട്രാക്കര്‍മാര്‍ അറിയിക്കുന്നു. ഇതിലൂടെ നേടിയിരിക്കുന്ന തുക 85 ലക്ഷമാണ്. ഇത് കേരളത്തിലെ നില. യുകെ അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് മഞ്ഞുമ്മല്‍ ബോയ്സിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുകെയില്‍ ഇന്നലെ തന്നെ 11 ല്‍ അധികം ഹൗസ്‍ഫുള്‍ ഷോകള്‍ പ്രീ റിലീസ് ബുക്കിംഗിലൂടെ ചിത്രത്തിന് ലഭിച്ചിരുന്നു, പോസിറ്റീവ് അഭിപ്രായം നേടുന്നപക്ഷം മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് ചിത്രത്തെ കാത്തിരിക്കുന്നത്.
തിയറ്ററുകളില്‍ വന്‍ ഹിറ്റ് അടിച്ച ജാനെമന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ചിദംബരമാണ് മഞ്ഞുമ്മല്‍ ബോയ്‍സിന്‍റെ സംവിധാനം. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലിംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഒരു സർവൈവൽ ത്രില്ലറാണ് ചിത്രം. ഗുണ കേവ്സ് എന്നറിയപ്പെടുന്ന കൊടൈക്കനാലിലെ സ്ഥലത്തേക്ക് മഞ്ഞുമ്മലില്‍ നിന്ന് വിനോദയാത്ര പോകുന്ന ഒരു സംഘം യുവാക്കള്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം