രണ്ട് ദിവസത്തിനുള്ളില്‍ 150 കോടി, അഭിമാനമായി 'പൊന്നിയിൻ സെല്‍വൻ'- ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്

'പൊന്നിയിൻ സെല്‍വൻ' വൻ ഹിറ്റിലേക്ക് കുതിക്കുന്നു.

Mani Ratnam Ponniyin selvan second day box office collection report

മണിരത്നത്തിന്റെ ബ്രഹ്‍മാണ്ഡ ചിത്രമായ 'പൊന്നിയിൻ സെല്‍വൻ' തിയറ്ററുകളെ ഇളക്കിമറിക്കുകയാണ്. സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം 'പൊന്നിയിൻ സെല്‍വൻ' ഒരുക്കിയിരിക്കുന്നത്. തമിഴകത്ത് മാത്രമല്ല ലോകമെമ്പാടും ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നു.രണ്ടു ദിവസം കൊണ്ട് ചിത്രം നേടിയതിന്റെ കണക്കുകള്‍ പുറത്തുവരുന്നത് ആരാധകരെ ആവേശത്തിലാക്കുന്നതുമാണ്.

രണ്ട് ദിവസത്തിനുള്ളില്‍ ചിത്രം 150 കോടിയിലധികം കളക്ഷൻ നേടിയെന്നാണ് വിവിധ സിനിമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ആദ്യ ദിവസം ലോകമെമ്പാടു നിന്നുമായി എണ്‍പത് കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്‍തിരിക്കുന്നത് എന്ന് നിര്‍മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. പൊന്നിയിൻ സെല്‍വൻ' ഇന്ത്യൻ സിനിമയ്‍ക്ക് അഭിമാനിക്കാവുന്ന ഒന്നാണ് എന്നായിരുന്നു ആദ്യ ദിവസം തൊട്ടെ വന്ന പ്രതികരണങ്ങള്‍. എന്തായാലും മണിരത്നം ചിത്രം വൻ ഹിറ്റിലേക്ക് കുതിക്കും എന്ന സൂചനയാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്.

വിക്രം, ജയം രവി, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.

തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം.  ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍. ഏക ലഖാനി വസ്‍ത്രാലങ്കാരവും നിർവ്വഹിക്കുന്നു.

Read More: ടൈഗര്‍ ഷ്‍റോഫിന്റെ നായികയാകാൻ രശ്‍മിക മന്ദാന

Latest Videos
Follow Us:
Download App:
  • android
  • ios