പ്രതിഫലം 528 കോടി, കളക്ഷന്‍ അഞ്ചിരട്ടി! ഇന്ത്യന്‍ സിനിമയിലെ മാന്‍ ഓഫ് ദി ഇയര്‍ ആ താരം
ഇന്ത്യന്‍ സിനിമ മികച്ച പ്രകടനം നടത്തിയ വര്‍ഷം
ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് ഒരു മികച്ച വര്‍ഷമായിരുന്നു 2023. കൊവിഡ് കാലം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് പൂര്‍ണ്ണമായി തിരിച്ചുവന്നുവെന്ന് പറയാവുന്ന വര്‍ഷം. എല്ലാ ഭാഷാ സിനിമകളില്‍ നിന്നും നല്ല മുഴുപ്പുള്ള ഹിറ്റുകള്‍ സംഭവിച്ച വര്‍ഷം. തെന്നിന്ത്യന്‍ ഭാഷാ സിനിമകള്‍ 2023 ന് മുന്‍പുതന്നെ വിജയത്തിന്‍റെ ട്രാക്കിലേക്ക് എത്തിയിരുന്നുവെങ്കിലും ബോളിവുഡിനെ സംബന്ധിച്ച് അങ്ങനെ ആയിരുന്നില്ല കാര്യങ്ങള്‍. എന്നാല്‍ 2023 ല്‍ ബോളിവുഡും ട്രാക്കിലെത്തി. എല്ലാ ഭാഷാ സിനിമകളും നേട്ടമുണ്ടാക്കിയ 2023 ല്‍ ഇന്ത്യന്‍ സിനിമയുടെ താരമെന്ന് ഉറപ്പിച്ച് പറയാവുന്ന ഒരു താരവും ബോളിവുഡില്‍ നിന്നാണ്. മറ്റാരുമല്ല, ഷാരൂഖ് ഖാന്‍ ആണ് ആ താരം.
ബോളിവുഡിനൊപ്പം വ്യക്തിപരമായി ഷാരൂഖ് ഖാന്‍റെയും വന്‍ തിരിച്ചുവരവ് നടന്ന വര്‍ഷമാണ് ഇത്. തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍ കരിയറില്‍ നിന്ന് ഇടവേളയെടുത്ത ഷാരൂഖ് ഖാന്‍റേതായി മൂന്ന് സിനിമകളാണ് ഈ വര്‍ഷം എത്തിയത്. അവ ആകെ നേടിയ കളക്ഷന്‍ ഏത് താരത്തെയും മോഹിപ്പിക്കും. 2534.09 കോടിയാണ് അത്. അതില്‍ അഭിനയിച്ച വകയില്‍ കിംഗ് ഖാന്‍ നേടിയ പ്രതിഫലം 528 കോടിയോളമാണ്.
ഷാരൂഖ് ഖാന്‍റേതായി ഈ വര്‍ഷം ആദ്യമെത്തിയ റിലീസ് പഠാന്‍റെ ലൈഫ് ടൈം ആഗോള ബോക്സ് ഓഫീസ് 1050.40 കോടി ആയിരുന്നു. പിന്നാടെത്തിയ ജവാന്‍റേത് 1143.59 കോടിയും. ഈ വര്‍ഷത്തെ അദ്ദേഹത്തിന്‍റെ മൂന്നാമത്തെ റിലീസ് ആയ ഡങ്കി ഇതുവരെ നേടിയ കളക്ഷന്‍ 340 കോടിയുമാണ്. തന്‍റെ തിരിച്ചുവരവ് ചിത്രമായ പഠാന്‍റെ റിലീസിന് മുന്‍പ് ഷാരൂഖ് ഖാന്‍ ഒരു രൂപ പോലും വാങ്ങിയിരുന്നില്ല. പ്രോഫിറ്റ് ഷെയറിംഗ് കരാര്‍ ആയിരുന്നു കിംഗ് ഖാനും നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസും തമ്മില്‍ ഉണ്ടായിരുന്നത്. കരാര്‍ പ്രകാരം ഷാരൂഖ് ഖാന് ലഭിക്കുക 200 കോടി ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതിനു ശേഷമെത്തിയ ജവാനില്‍ 100 കോടി പ്രതിഫലവും ലാഭത്തിന്‍റെ 60 ശതമാനവും എന്നതായിരുന്നു കരാര്‍. ഇതുപ്രകാരം 300 കോടിയോളം ഷാരൂഖിന് ലഭിക്കും. രാജ്‍കുമാര്‍ ഹിറാനിയുടെ ഡങ്കിയിലെ വേഷത്തിന് 28 കോടി മാത്രമാണ് ഷാരൂഖ് വാങ്ങിയത്. ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളിയുമാണ് ഷാരൂഖ് ഖാന്‍റെ റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റ്. ഈ വിജയങ്ങളോട് ബോളിവുഡിലെ തന്‍റെ താരസിംഹാസനം വീണ്ടും നേടിയെടുത്തിരിക്കുകയാണ് ഷാരൂഖ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം