തകർക്കാൻ പറ്റുമെങ്കിൽ തകർക്കെടാ..! ഇത് പിള്ളേരുടെ തേർവാഴ്ച; മഞ്ഞുമ്മൽ ബോയ്സ് 250 കോടിയിലേക്കോ ?
നിലവിൽ അൻപത്തി മൂന്ന് ദിവസങ്ങൾ പൂർത്തിയാക്കി മഞ്ഞുമ്മൽ ബോയ്സ് ജൈത്രയാത്ര തുടരുകയാണ്.
സമീപകാലത്ത് മലയാള സിനിമയെ ലോകമെമ്പാടുമുള്ള സിനിമാസ്വാദകർക്ക് മുന്നിൽ എത്തിച്ച സിനിമകളിൽ ഒന്നാണ് മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22ന് ആയിരുന്നു യഥാർത്ഥ അതിജീവനത്തിന്റെ കഥ പറഞ്ഞ ചിത്രം റിലീസ് ചെയ്തത്. ആദ്യദിനം മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ഭാഷായുടെ അതിർവരമ്പുകൾ ഭേദിച്ച് കുതിക്കുന്ന കാഴ്ചയാണ് പിന്നീട് മലയാള സിനിമ കണ്ടത്. പ്രത്യേകിച്ച് തമിഴ്നാട്ടിൽ. അവരുടെ സിനിമ എന്ന നിലയിൽ ആയിരുന്നു മഞ്ഞുമ്മൽ ബോയ്സിനെ തമിഴകം ഏറ്റെടുത്തത്. മറ്റേതൊരു മലയാള സിനിമയ്ക്കും ഇതുവരെയും ലഭിക്കാത്ത കളക്ഷൻ മഞ്ഞുമ്മൽ, തമിഴ്നാട്ടിൽ നേടിയത് തന്നെ അതിന് തെളിവാണ്.
നിലവിൽ അൻപത്തി മൂന്ന് ദിവസങ്ങൾ പൂർത്തിയാക്കി മഞ്ഞുമ്മൽ ബോയ്സ് ജൈത്രയാത്ര തുടരുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ തെലുങ്ക് ഡബ്ബ് വെർഷനും റിലീസ് ചെയ്തിരുന്നു. ഇവിടെയും വലിയ സ്വീകാര്യതയാണ് ഈ കൊച്ചു മലയാള സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഈ അവസരത്തിൽ ഇതുവരെ മഞ്ഞുമ്മൽ ബോയ്സ് നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്.
പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം 71.8 കോടിയാണ് മഞ്ഞുമ്മൽ ബോയ്സ് കേരളത്തിൽ നിന്നുമാത്രം നേടിയിരിക്കുന്നത്. തൊട്ട് പിന്നിൽ തമിഴ്നാടും ഉണ്ട്. 64കോടിയാണ് തമിഴകത്ത് നിന്ന് ഇതുവരെ സിനിമ സ്വന്തമാക്കിയത്. കർണാടക - 15 കോടി, ആന്ധ്രാപ്രദേശ് - 10.3 കോടി, റസ്റ്റ് ഓഫ് ഇന്ത്യ - 2.65 കോടി എന്നിങ്ങനെ ആണ് നേടിയത്. റസ്റ്റ് ഓഫ് ഇന്ത്യ ടോട്ടൽ 91.7 കോടി. ആകെ മൊത്തം ഇന്ത്യയിൽ നിന്നുള്ള ഗ്രോസ് കളക്ഷൻ 163.5 കോടിയാണ്. ഓവർസീസിൽ നിന്നും 72.5 കോടിയും ചിത്രം നേടി. അങ്ങനെ ആഗോളതലത്തിൽ 236 കോടിയാണ് മഞ്ഞുമ്മൽ ബോയ്സ് നേടിയത്.
നക്ഷത്രദീപങ്ങൾ പൊലിഞ്ഞു..; കെ ജി ജയന് വിട നൽകി മലയാള സിനിമ
ജാൻ എമൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ ചിദംബരം സംവിധാനം ചെയ്ത ചിത്രം ആണ് മഞ്ഞുമ്മൽ ബോയ്സ്. മോളിവുഡിലെ ആദ്യത്തെ 200കോടി ക്ലബ് ചിത്രം എന്ന ഖ്യാതിയും മഞ്ഞുമ്മലിനാണ്. ഒടിടി റിലീസിന് മുൻപ് ചിത്രം 250 കോടി കളക്ഷൻ നേടിയേക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. എന്തായാലും ഏതാകും മഞ്ഞുമ്മലിന്റെ കളക്ഷൻ മറികടക്കാൻ പോകുന്ന സിനിമ എന്നത് കാത്തിരുന്ന് തന്നെ അറിയേണ്ട കാര്യമാണ്.