ഒടിടി റിലീസ് വരെ 29 ദിനങ്ങള്‍; 'മലൈക്കോട്ടൈ വാലിബന്‍റെ' ക്ലോസിംഗ് ബോക്സ് ഓഫീസ് എത്ര? കണക്കുകള്‍
ജനുവരി 25 ന് തിയറ്ററുകളിലെത്തിയ ചിത്രം
മലയാളത്തില്‍ ഈ വര്‍ഷം ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രങ്ങളിലൊന്നായിരുന്നു മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്ന ചിത്രം എന്നതായിരുന്നു ഈ ഹൈപ്പിന് കാരണം. എന്നാല്‍ ആദ്യദിന ഫാന്‍സ് ഷോകള്‍ക്കിപ്പുറം പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ചിത്രമെന്ന സാമാന്യ അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. ഇത് ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് മുന്നോട്ടുപോക്ക് ദുഷ്കരമാക്കി. ദിവസങ്ങള്‍ക്കപ്പുറം സോഷ്യല്‍ മീഡിയയില്‍ പോസിറ്റീവ് നിരൂപണങ്ങള്‍ ധാരാളമായി എത്തിയെങ്കിലും ചിത്രത്തെ കരകയറ്റാന്‍ അവയ്ക്ക് സാധിച്ചില്ല. ഇപ്പോഴിതാ ചിത്രം ഒടിടിയില്‍ എത്തിയിരിക്കുകയാണ്. തിയറ്ററുകളിലെ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് യാത്രയുടെ ആകെത്തുക എത്രയാണെന്ന് നോക്കാം.
ജനുവരി 25 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രമുഖ പ്ലാറ്റ്‍ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഇന്ന് ആയിരുന്നു. അതായത് ഒടിടി റിലീസ് തീയതി വരെ 29 ദിനങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഇതിലൂടെ ബോക്സ് ഓഫീസില്‍ നിന്ന് ലഭിച്ചത് എത്രയെന്ന് നോക്കാം. കേരളത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപണിംഗ് നേടിയ ചിത്രമായിരുന്നു വാലിബന്‍. 5 കോടിക്ക് മുകളിലായിരുന്നു അത്. എന്നാല്‍ ആദ്യദിനം തന്നെ നെഗറ്റീവ് അഭിപ്രായം വന്നത് തിയറ്റര്‍ കളക്ഷനെ സാരമായി ബാധിച്ചു. ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം ചിത്രത്തിന്‍റെ കേരളത്തിലെ ക്ലോസിംഗ് ബോക്സ് ഓഫീസ് 14.42 കോടിയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 2.30 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 13.13 കോടിയും. അങ്ങനെ ആകെ നേടിയത് 29.85 കോടി.
മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തിയ ചിത്രത്തിന് തിരക്കഥയൊരുക്കിയത് പി എസ് റഫീഖ് ആയിരുന്നു. മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ ഹരീഷ് പേരടി, ഡാനിഷ് സേഠ്, സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മധു നീലകണ്ഠന്‍റേതാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം