ട്രാക്കര്‍മാർ പറഞ്ഞതിനേക്കാൾ അധികം! 'ലക്കി ഭാസ്‍കർ' ആദ്യ ദിന കളക്ഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ച് നിര്‍മ്മാതാക്കൾ
വന്‍ പ്രീ റിലീസ് പബ്ലിസിറ്റിയോടെ എത്തിയ ചിത്രം. സംവിധാനം വെങ്കി അറ്റ്ലൂരി
ഇത്തവണത്തെ ദീപാവലി റിലീസുകളില്‍ ഏറ്റവും പ്രീ റിലീസ് ശ്രദ്ധ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ലക്കി ഭാസ്കര്‍. ബഹുഭാഷകളിലെത്തിയ, ദുല്‍ഖറിന്‍റെ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം റിലീസ് തലേന്ന് നടന്ന പ്രിവ്യൂ ഷോകളില്‍ നിന്ന് തന്നെ മികച്ച അഭിപ്രായം നേടിയിരുന്നു. റിലീസ് ദിനത്തിലെ ആദ്യ ഷോകളിലെ പ്രേക്ഷകാഭിപ്രായവും പോസിറ്റീവ് ആയതോടെ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രതികരണം നേടുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഓപണിംഗ് കളക്ഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍.
ആഗോള തലത്തില്‍ ആദ്യ ദിനം ചിത്രം നേടിയത് 12.7 കോടിയാണെന്ന് നിര്‍മ്മാതാക്കളായ സിതാര എന്‍റര്‍ടെയ്ന്‍മെന്‍റ്സ് അറിയിക്കുന്നു. ട്രാക്കര്‍മാര്‍ പ്രവചിച്ചതിനേക്കാള്‍ ഉയര്‍ന്ന സംഖ്യയാണ് അത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കനുസരിച്ച് ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയത് 7.50 കോടി ആയിരുന്നു. ചിത്രത്തിന്‍റെ യുഎസ് കളക്ഷന്‍ സംബന്ധിച്ച് ദുല്‍ഖറിന്‍റെ നിര്‍മ്മാണ കമ്പനിയായ വേഫെററും റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. യുഎസില്‍ ചിത്രം ഒരു ലക്ഷം ഡോളര്‍ പിന്നിട്ടു എന്നായിരുന്നു അത്. അതായത് 84 ലക്ഷം രൂപ.
തെലുങ്ക് സംസ്ഥാനങ്ങള്‍ക്ക് പുറമെ കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലും ചിത്രം മികച്ച പ്രതികരണമാണ് നേടിയിരിക്കുന്നത്. വാരാന്ത്യത്തില്‍ ചിത്രം മികച്ച കളക്ഷന്‍ നേടുമെന്നാണ് കരുതപ്പെടുന്നത്. വെങ്കി അറ്റ്ലൂരി രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഭാസ്കര്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. മീനാക്ഷി ചൗധരിയാണ് നായിക. 1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ പീരീഡ് ഡ്രാമയിൽ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തുന്നത്.
ALSO READ : ഇന്ദ്രന്‍സിനൊപ്പം ജാഫര്‍ ഇടുക്കി; 'ഒരുമ്പെട്ടവന്‍' മോഷന്‍ പോസ്റ്റര്‍ എത്തി