ഇത് ചരിത്രം! അഡ്വാന്‍സ് ബുക്കിംഗിലൂടെ ആദ്യ വാരാന്ത്യ കളക്ഷനില്‍ റെക്കോര്‍ഡ് ഇട്ട് 'ലിയോ', ഇതുവരെ നേടിയത്
വിക്രം എന്ന, കരിയറിലെ ഏറ്റവും വലിയ വിജയത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമെന്നതാണ് ലിയോയുടെ പ്രധാന ഹൈപ്പ്
സിനിമകള്‍ പ്രീ റിലീസ് ഹൈപ്പ് നേടുന്നത് പല കാരണങ്ങളാലാവാം. ഒരു സൂപ്പര്‍താരവും ജനപ്രിയ സംവിധായകനും ഒന്നിക്കുന്നതാണ് അത്തരം ചിത്രങ്ങളുടെ ക്ലാസിക് കോമ്പിനേഷന്‍. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ അത്തരം കോമ്പിനേഷനിലൂടെ പ്രീ റിലീസ് ഹൈപ്പില്‍ പുതിയ ഉയരങ്ങള്‍ നേടിയിരിക്കുന്നത് തമിഴ് ചിത്രം ലിയോ ആണ്. കൈതിയും വിക്രവുമൊക്കെ ഒരുക്കിയ ലോകേഷ് കനകരാജ് തമിഴ് സിനിമയില്‍ ആരാധകരുടെ എണ്ണത്തില്‍ മുന്‍പന്തിയിലുള്ള വിജയിയെ നായകനാക്കി ഒരുക്കുന്ന ചിത്രം എന്നതാണ് ലിയോയ്ക്ക് ഹൈപ്പ് ഉയര്‍ത്തിയ ഘടകം.
ലോകേഷും വിജയിയും മുന്‍പ് മാസ്റ്ററിലും ഒന്നിച്ചിട്ടുണ്ടെങ്കിലും ഇത്രത്തോളം ഹൈപ്പ് അതിന് ഉണ്ടായിരുന്നില്ല. വിക്രം എന്ന, കരിയറിലെ ഏറ്റവും വലിയ വിജയത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമെന്നതാണ് ലിയോയുടെ ഹൈപ്പ്. ഒപ്പം ഇത് എല്‍സിയുവിലെ (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) മൂന്നാം ചിത്രം ആയിരിക്കുമോ എന്ന ആകാംക്ഷയും. അതേതായാലും അഡ്വാന്‍സ് ബുക്കിംഗില്‍ സമീപകാലത്തെങ്ങും സമാനതകളില്ലാത്ത നേട്ടം കൊയ്യുകയാണ് ചിത്രം. പ്രീ റിലീസ് ബുക്കിംഗിലൂടെ ആദ്യ വാരാന്ത്യ കളക്ഷനില്‍ ഇതിനകം തന്നെ ചിത്രം 100 കോടി നേടിയതായാണ് റിപ്പോര്‍ട്ട്.
പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം ഒക്ടോബര്‍ 19 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ (വ്യാഴം മുതല്‍ ഞായര്‍ വരെ) അഡ്വാന്‍സ് ബുക്കിംഗിലൂടെ തമിഴ്നാട്ടില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 24.6 കോടിയാണ്. കര്‍ണാടകത്തില്‍ നിന്ന് 9.9 കോടിയും കേരളത്തില്‍ നിന്ന് 9.7 കോടിയും. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 80 ലക്ഷവും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 6.6 മില്യണ്‍ ഡോളറും (55.1 കോടി രൂപ). കേരളത്തില്‍ ആദ്യ ദിനം പ്രമുഖ സെന്‍ററുകളില്‍ ഇതിനകം തന്നെ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയുണ്ട്. അതേസമയം റിലീസിന് രണ്ട് ദിവസം ശേഷിക്കെയാണ് ഇവ്വിധത്തിലുള്ള പ്രതികരണമെന്നത് ഓര്‍ക്കണം. ആദ്യ പ്രദര്‍ശനങ്ങളില്‍ പോസിറ്റീവ് അഭിപ്രായങ്ങള്‍ വരുന്നപക്ഷം കോളിവുഡില്‍ നിന്നുള്ള എക്കാലത്തെയും വിജയചിത്രം ആവാനുള്ള സാധ്യതയുണ്ട് ലിയോ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക