മറ്റൊരു തമിഴ് താരത്തിലും തൊടാനാവാതിരുന്ന ഉയരം; അസാധാരണ നേട്ടവുമായി വിജയ്
സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മാണം
വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തുന്ന ചില ചിത്രങ്ങളുണ്ട്. അത്തരം ചിത്രങ്ങളുടെ ആദ്യദിന പ്രതികരണങ്ങള്‍ക്കായി വലിയ ആകാംക്ഷയോടെയാണ് ചലച്ചിത്രലോകം കാത്തുനില്‍ക്കാറ്. ആദ്യദിന പ്രതികരണങ്ങള്‍ ഏറെ പ്രധാനമായ വൈഡ് റിലീസ് കാലത്ത് മോശം മൌത്ത് പബ്ലിസിറ്റി ലഭിച്ചാല്‍ ചിത്രം വീഴുമെന്ന് അവര്‍ക്കറിയാം. എന്നാല്‍ തമിഴ് ചിത്രം ലിയോ നേടിയ വിജയം അങ്ങനെ നോക്കുമ്പോള്‍ അപൂര്‍വ്വമായ ഒന്നായിരുന്നു. നെഗറ്റീവ് ആയിരുന്നില്ലെങ്കിലും സമ്മിശ്ര പ്രതികരണങ്ങളാണ് ആദ്യദിനം ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ ചിത്രത്തിന്‍റെ കളക്ഷന്‍റെ അതൊന്നും ബാധിച്ചില്ലെന്ന് മാത്രമല്ല, ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ പലത് കടപുഴക്കിയാണ് ചിത്രം കുതിച്ചത്.
ഷാരൂഖ് ഖാന്‍റെ ഈ വര്‍ഷത്തെ രണ്ട് 1000 കോടി വിജയങ്ങളായ പഠാന്‍റെയും ജവാന്‍റെയും ഓപണിംഗ് ഡേ ബോക്സ് ഓഫീസ് മറികടന്നുകൊണ്ടായിരുന്നു ലിയോയുടെ തുടക്കം. വിജയ്‍യുടെ കരിയറിലെ ഏറ്റവും വലിയ വിജയം, കേരളത്തില്‍ ഒരു തമിഴ് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ ഇങ്ങനെ പല റെക്കോര്‍ഡുകളും ചിത്രം നേടിയിരുന്നു. ഇപ്പോഴിതാ ഒരു തമിഴ് ചിത്രത്തിനും ഇതുവരെ സാധിക്കാതിരുന്ന ഒരു റെക്കോര്‍ഡ് കൂടി നേടിയിരിക്കുകയാണ് ലിയോ.
വിദേശ മാര്‍ക്കറ്റുകളില്‍ 200 കോടി കളക്ഷന്‍ എന്ന നേട്ടമാണ് ലിയോ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ വിദേശ വിതരണക്കാരായ ഫാര്‍സ് ഫിലിം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 24.2 മില്യണ്‍ ഡോളര്‍ (201.5 കോടി രൂപ) ആണെന്ന് അവര്‍ അറിയിക്കുന്നു. ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ 12 ദിനങ്ങളില്‍ നിന്ന് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 540 കോടിയിലേറെ നേടിയതായി നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ അറിയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക