മണ്‍ഡേ ടെസ്റ്റ് പാസ്സായോ സല്‍മാന്‍? 'കിസീ കാ ഭായ്' ഇന്നലെ നേടിയത്
വിദേശ മാര്‍ക്കറ്റുകളിലും ചിത്രം നേട്ടമുണ്ടാക്കുന്നുണ്ട്
പഠാന് ശേഷം ഒരു വലിയ ബോക്സ് ഓഫീസ് വിജയത്തിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ്. പഠാന്‍ ഒരു വണ്‍ ടൈം വണ്ടര്‍ അല്ലെന്ന് തെളിയിക്കേണ്ടത് ഹിന്ദി ചലച്ചിത്ര വ്യവസായത്തെ സംബന്ധിച്ച് ഒരു ബാധ്യത പോലുമാണ് നിലവില്‍. ഓരോ സൂപ്പര്‍താര ചിത്രങ്ങള്‍ വരുമ്പോഴും ബോളിവുഡ് നല്‍കുന്ന പ്രതീക്ഷയില്‍ മാറ്റമൊന്നും ഇല്ലെങ്കിലും അതനുസരിച്ച് ബോക്സ് ഓഫീസില്‍ കാര്യമായൊന്നും സംഭവിക്കുന്നില്ലെന്നതാണ് വസ്തുത. ഹിന്ദി സിനിമാവ്യവസായം ഏറ്റവുമൊടുവില്‍ എത്തരം പ്രതീക്ഷ പുലര്‍ത്തിയത് സല്‍മാന്‍ ഖാന്‍ ചിത്രം കിസീ കാ ഭായ് കിസീ കി ജാന്‍. സല്‍മാന്‍റെ മുന്‍കാല ഈദ് റിലീസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കളക്ഷന്‍ പോരെങ്കിലും മോശമില്ലാത്ത നേട്ടം ഉണ്ടാക്കുന്നുണ്ട് ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്‍റെ തിങ്കളാഴ്ചത്തെ ബോക്സ് ഓഫീസ് കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്.
ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് റിലീസ് ദിനമായ വെള്ളിയാഴ്ച ചിത്രം നേടിയത് 15.81 കോടി ആയിരുന്നു. ശനിയാഴ്ച 25.75 കോടിയും ഞായറാഴ്ച 26.61 കോടിയും നേടിയിരുന്നു. തിങ്കളാഴ്ച പ്രീമിയം മള്‍ട്ടിപ്ലെക്സുകളില്‍ ചിത്രം തളര്‍ച്ചയാണ് നേരിട്ടതെങ്കില്‍ സല്‍മാന്‍ ഖാന്‍റെ ശക്തികേന്ദ്രങ്ങളായ സിംഗിള്‍ സ്ക്രീനുകളില്‍ ചിത്രം നേട്ടമുണ്ടാക്കിയിട്ടുണ്ട്. അപൂര്‍വ്വം ചില സെന്‍ററുകളില്‍ വെള്ളിയാഴ്ചത്തേക്കാള്‍ കളക്ഷന്‍ പോലും നേടിയിട്ടുണ്ട് ചിത്രം. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് തിങ്കളാഴ്ച ആകെ നേടിയത് 10.17 കോടിയാണ്. ആദ്യ വാരാന്ത്യത്തില്‍ 68.17 കോടി നേടിയ ഒരു ചിത്രത്തെ സംബന്ധിച്ച് ഭേദപ്പെട്ട തിങ്കളാഴ്ച കളക്ഷനാണ് ഇത്. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ആദ്യ മൂന്ന് ദിവസം കൊണ്ട് 100 കോടി നേടിയിരുന്നു. വെള്ളി, ശനി, ഞായര്‍ ദിനങ്ങളില്‍ നിന്നായി 112.80 കോടിയാണ് ചിത്രം നേടിയത്. നിര്‍മ്മാതാക്കള്‍ തന്നെ പുറത്തുവിട്ട കണക്കാണ് ഇത്.
ALSO READ : 'സെറീനയോടുള്ള പ്രണയം എന്തുകൊണ്ട് തുറന്ന് പറയുന്നില്ല'? സാഗറിനോട് ചോദ്യവുമായി റെനീഷ