'കെജിഎഫ് 2' കഴിഞ്ഞാല്‍ ബോക്സ് ഓഫീസില്‍ 'കാന്താര'; കേരളത്തില്‍ മികച്ച നേട്ടവുമായി കന്നഡ ചിത്രം
കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് തന്നെയാണ് കാന്താരയുടെ നിര്‍മ്മാതാക്കള്‍
കര്‍ണാടകത്തിന് പുറത്ത് കന്നഡ സിനിമയുടെ തലവര മാറ്റിവരച്ച ചിത്രമായിരുന്നു യഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്‍ത പിരീഡ് ആക്ഷന്‍ ചിത്രം കെജിഎഫ്. അതുവരെ കന്നഡ സിനിമ കണ്ടിട്ടില്ലാത്ത വലിയൊരു വിഭാഗം പ്രേക്ഷകര്‍ തിയറ്ററുകളില്‍ ചിത്രം ഒന്നിലധികം തവണ കണ്ടു. പിന്നാലെയെത്തിയ കെജിഎഫ് 2 ബോക്സ് ഓഫീസ് ചരിത്രം തന്നെ രചിച്ചു. ഇപ്പോള്‍ തിയറ്ററുകളിലുള്ള മറ്റൊരു കന്നഡ ചിത്രവും കെജിഎഫ് തെളിച്ച വഴിയേ സഞ്ചരിക്കുകയാണ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഒപ്പം നായകനായി അഭിനയിക്കുകയും ചെയ്‍ത കാന്താരയാണ് ആ ചിത്രം. കെജിഎഫ് ഫ്രാഞ്ചൈസി പോലെ കേരളത്തിലും വന്‍ പ്രതികരണമാണ് കാന്താര നേടിക്കൊണ്ടിരിക്കുന്നത്.
ഒക്ടോബര്‍ 20 ന് 121 തിയറ്ററുകളിലാണ് കേരളത്തില്‍ കാന്താര മലയാളം പതിപ്പ് എത്തിയത്. ആദ്യ ദിനങ്ങളില്‍ തന്നെ മികച്ച മൌത്ത് പബ്ലിസിറ്റി നേടിയതോടെ പല മലയാള ചിത്രങ്ങളേക്കാള്‍ പ്രേക്ഷകരെ നേടി ഈ കന്നഡ മൊഴിമാറ്റ ചിത്രം. രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ കേരളത്തില്‍ 208 സ്ക്രീനുകളിലാണ് കാന്താര പ്രദര്‍ശിപ്പിക്കുന്നതെന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ കേരളത്തിലെ ബോക്സ് ഓഫീസ് നേട്ടത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തെത്തുകയാണ്. 13 ദിവസം കൊണ്ട് 10 കോടിയാണ് കേരളത്തില്‍ നിന്ന് ചിത്രം നേടിയതെന്ന് വിവിധ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നു. ഇത് ശരിയെങ്കില്‍ ഒരു കന്നഡ ചിത്രം കേരളത്തില്‍ നിന്ന് നേടുന്ന ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ കളക്ഷനാണ് ഇത്. 70 കോടിയോളം നേടിയ കെജിഎഫ് ചാപ്റ്റര്‍ 2 ആണ് ലിസ്റ്റില്‍ ഒന്നാമത്.
ALSO READ : ടിനു പാപ്പച്ചന്‍റെ കുഞ്ചാക്കോ ബോബന്‍ ചിത്രം 'ചാവേര്‍'; ടൈറ്റില്‍ പ്രഖ്യാപിച്ച് മമ്മൂട്ടി
കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് തന്നെയാണ് കാന്താരയുടെ നിര്‍മ്മാതാക്കള്‍ എന്നതും കൌതുകമുണര്‍ത്തുന്ന ഘടകമാണ്. മലയാളത്തിനു മാത്രമല്ല, എല്ലാ മൊഴിമാറ്റ പതിപ്പുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.