മൂന്ന് ദിവസം കൊണ്ട് വെറും 6 ലക്ഷം! ബജറ്റ് 350 കോടി; ബോക്സ് ഓഫീസില്‍ തകര്‍ച്ചയുടെ പുതിയ മുഖമായി 'കങ്കുവ'
സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് കങ്കുവ
സിനിമകള്‍ക്ക് ലഭിക്കുന്ന വന്‍ പ്രീ റിലീസ് ഹൈപ്പ് ആദ്യ ഷോകള്‍ക്ക് തിയറ്ററുകളിലേക്ക് ജനത്തെ എത്തിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് വലിയ സഹായമാണ്. എന്നാല്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാനെത്തുന്ന സിനിമാപ്രേമികളെ ഇംപ്രസ് ചെയ്യിച്ചില്ലെങ്കില്‍ എത്ര വലിയ ഹൈപ്പ് ഉള്ള ചിത്രവും വീഴും. കാരണം മൗത്ത് പബ്ലിസിറ്റിയെ അത്രത്തോളം ആശ്രയിച്ചാണ് ഇന്ന് തിയറ്ററുകളിലേക്ക് എത്തണോ എന്ന് പ്രേക്ഷകര്‍ തീരുമാനമെടുക്കുന്നത്. ഇതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് സൂര്യ ചിത്രം കങ്കുവ.
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഈ വര്‍ഷത്തെ ശ്രദ്ധേയ റിലീസുകളില്‍ ഒന്നായിരുന്ന ശിവ ചിത്രം നവംബര്‍ 14 നാണ് തിയറ്ററുകളില്‍ എത്തിയത്. ആദ്യ ദിനം, ആദ്യ ഷോകള്‍ക്ക് ഇപ്പുറം തന്നെ നെഗറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ ചിത്രം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. ചിത്രം നേരിട്ട ബോക്സ് ഓഫീസ് തകര്‍ച്ച എന്തെന്ന് അറിയണമെങ്കില്‍ സമീപദിനങ്ങളില്‍ തമിഴ് പതിപ്പ് നേടിയ കളക്ഷനിലേക്ക് കണ്ണോടിച്ചാല്‍ മതി. റീലീസിന്‍റെ 22-ാം ദിനമായിരുന്ന ഇക്കഴിഞ്ഞ വ്യാഴാഴ്ച കങ്കുവ തമിഴ് പതിപ്പ് നേടിയത് വെറും 4 ലക്ഷം രൂപ ആണ്. ബുധന്‍, ചൊവ്വ ദിനങ്ങളില്‍ അതിലും കുറവാണ് ചിത്രം നേടിയത്. വെറും ഓരോ ലക്ഷം വീതം. അതായത് മൂന്ന് ദിനങ്ങളില്‍ നിന്ന് ചിത്രത്തിന്‍റെ തമിഴ് പതിപ്പ് ആകെ നേടിയത് വെറും 6 ലക്ഷം രൂപ.
350 ബജറ്റ് ഉള്ള ചിത്രമാണ് ഇതെന്ന് ആലോചിക്കണം. നിര്‍മ്മാതാക്കളായ സ്റ്റുഡിയോ ഗ്രീനിനൊപ്പം ചിത്രത്തിന്‍റെ പരാജയം സൂര്യയ്ക്കും വലിയ ക്ഷീണമാണ്. അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങിയ ചിത്രമാണ് ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞത്. അതേസമയം ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ചയായ നാളെ (8) ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ഇത്രയും ബജറ്റ് ഉള്ള ഒരു ചിത്രം റിലീസിന്‍റെ 25-ാം ദിവസം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിക്കുക എന്നതും അപൂര്‍വ്വതയാണ്.