തമിഴ്നാട്ടില്‍ മാത്രം വിറ്റത് 1.5 കോടി ടിക്കറ്റുകള്‍! കമല്‍ ഹാസന്‍റെ വിക്രം നേടിയ കളക്ഷന്‍
തമിഴ് സിനിമയുടെ ചരിത്രത്തില്‍ തമിഴ്നാട്ടില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ചിത്രം
കമല്‍ ഹാസന് വന്‍ തിരിച്ചുവരവ് നല്‍കിയ ചിത്രം എന്ന നിലയിലാണ് വിക്രത്തിന്‍റെ ബോക്സ് ഓഫീസ് ഓപണിംഗിനെ ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തിയിരുന്നത്. എന്നാല്‍ ചിത്രം തിയറ്ററുകളിലെത്തി ആഴ്ചകളും മാസങ്ങളും പിന്നിടവെ അത് കമല്‍ ഹാസന്‍റെ കരിയറില്‍ മാത്രമല്ല, മറിച്ച് തമിഴ് സിനിമയുടെ ചരിത്രത്തില്‍ തന്നെ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് വിക്രം. തമിഴ്നാട്ടില്‍ 113 ദിവസമാണ് ചിത്രം ഓടിയത്. കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂര്‍ കെജി സിനിമാസ് ഉള്‍പ്പെടെ ചില സെന്‍ററുകളില്‍ ചിത്രം തിയറ്റര്‍ റണ്‍ അവസാനിപ്പിച്ചത്. തമിഴ് സിനിമയുടെ തമിഴ്നാട്ടിലെ ബോക്സ് ഓഫീസ് ചരിത്രത്തില്‍ പല റെക്കോര്‍ഡുകളും ചിത്രം സ്വന്തമാക്കുകയും ചെയ്‍തു.
തമിഴ് സിനിമയുടെ ചരിത്രത്തില്‍ തമിഴ്നാട്ടില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ചിത്രമായിരിക്കുകയാണ് വിക്രം. ഒന്നര കോടി ടിക്കറ്റുകളാണ് വിക്രത്തിന്‍റേതായി തമിഴ്നാട്ടില്‍ മാത്രം വിറ്റുപോയത്. ഇതില്‍ നിന്നുള്ള നേട്ടം 182.5 കോടിയാണ്! കൂടാതെ ചിത്രം നേടിക്കൊടുത്ത ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ 92 കോടിയും ആണ്! ഇതെല്ലാം തമിഴ് സിനിമയുടെ ഇത്രകാലത്തെ ചരിത്രത്തില്‍ റെക്കോര്‍ഡുകളാണ്. മുന്‍പൊരു തമിഴ് ചിത്രവും തമിഴ്നാട്ടില്‍ ഇത്രയധികം കളക്ഷന്‍ നേടിയിട്ടില്ല. എസ് എസ് രാജമൌലിയുടെ ബാഹുബലി: ദ് കണ്‍ക്ലൂഷനെ മറികടന്നാണ് വിക്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 435 കോടിയാണ് ചിത്രം നേടിയത്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ 200 കോടിയോളമാണ്. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 42.5 കോടിയും കേരളത്തില്‍ നിന്ന് 40.5 കോടിയുമാണ് ചിത്രം നേടിയത്. 16 കോടിയാണ് കേരളത്തില്‍ നിന്ന് ലഭിച്ച ഷെയര്‍.
കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ് ഡിസ്നി. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി.