റിലീസിന് 18 ദിവസം, ട്രെയ്‍ലർ പോലും എത്തിയില്ല; അമേരിക്കയിൽ അഡ്വാന്‍സ് ബുക്കിംഗിൽ ഞെട്ടിച്ച് ആ ഇന്ത്യൻ ചിത്രം
വന്‍ താരനിര അണിനിരക്കുന്ന ചിത്രം
പാന്‍ ഇന്ത്യന്‍ എന്ന വാക്ക് സിനിമാ മേഖലയില്‍ കേള്‍ക്കാന്‍ തുടങ്ങിയത് ബാഹുബലി ഫ്രാഞ്ചൈസിക്ക് ശേഷമാണ്. തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ഭാഷാഭേദമന്യെ ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ പോലും സ്വീകരിച്ചതിന് പിന്നാലെയാണ് സിനിമാമേഖലയില്‍ ഈ വിശേഷണം സാധാരണമായി ഉപയോഗിക്കപ്പെട്ട് തുടങ്ങിയത്. ഏത് ഭാഷയിലെയും ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഇന്ന് പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ ലക്ഷ്യമിച്ച് വിവിധ ഭാഷാ പതിപ്പുകളുമായാണ് ഇറങ്ങാറ്. ഇന്ത്യന്‍ സിനിമയില്‍ നിന്നുള്ള അപ്കമിംഗ് റിലീസുകളില്‍ പാന്‍ ഇന്ത്യന്‍ അപ്പീല്‍ ഉള്ള ചിത്രങ്ങളിലൊന്നാണ് കല്‍കി 2898 എഡി.
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍, ദിഷ പഠാനി തുടങ്ങി വന്‍ താരനിരയും അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ റിലീസിന് രണ്ടാഴ്ചയിലധികം ശേഷിക്കെ ചിത്രം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ജൂണ്‍ 27 നാണ് ചിത്രത്തിന്‍റെ റിലീസ്. ബിഗ് ബജറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് റിലീസിന് തലേദിവസം അമേരിക്കയില്‍ നടക്കുന്ന പ്രീമിയര്‍ ഷോ ഇന്ന് സാധാരണമാണ്. പെയ്ഡ് പ്രീമിയര്‍ ആയി നടക്കുന്ന ഈ ഷോകളിലെ ടിക്കറ്റ് നിരക്ക് സാധാരണ ഷോകളേക്കാള്‍ അധികവുമായിരിക്കും. പ്രീമിയറിന് 17 ദിവസം ശേഷിക്കെ ചിത്രം അമേരിക്കയില്‍ നേടിയ അഡ്വാന്‍സ് ബുക്കിംഗ് കണക്കുകളാണ് വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം 2.5 കോടി രൂപയാണ് യുഎസ് പ്രീമിയറിനായുള്ള ബുക്കിംഗിലൂടെ ചിത്രം നേടിയിരിക്കുന്നത്. ട്രെയ്ലറോ പാട്ടോ ഒന്നും എത്തിയിട്ടില്ലാത്ത ഒരു ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് എന്നത് പരിഗണിക്കുമ്പോള്‍ വലിയ സംഖ്യയാണ് ഇത്. മാത്രമല്ല പ്രീമിയര്‍ നടക്കുന്ന യുഎസിലെ എല്ലാ തിയറ്ററുകളിലേക്കും അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിട്ടുമില്ല.
ALSO READ : സിനിമയില്‍ അവസരം ആര്‍ക്കൊക്കെ? ബിഗ് ബോസില്‍ ഓഡിഷനുമായി ജീത്തുവും ആന്‍റണിയും