ബജറ്റ് 1597 കോടി! ബോക്സ് ഓഫീസില്‍ രക്ഷപെടുമോ ജോക്കര്‍ 2? ആദ്യദിനം നേടിയത്
2019 ല്‍ പുറത്തെത്തിയ ചിത്രത്തിന്‍റെ സീക്വല്‍. യുഎസ് റിലീസിന് രണ്ട് ദിവസം മുന്‍പ് ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ടിരുന്നു
ചലച്ചിത്രലോകം ഏറ്റവുമധികം മിനിമം ഗ്യാരന്‍റി കല്‍പ്പിക്കുന്നവയാണ് വിജയിച്ച ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങള്‍. കാര്യമായി മാര്‍ക്കറ്റിംഗ് നടത്താതെതന്നെ പ്രീ റിലീസ് ഹൈപ്പ് ലഭിക്കും എന്നതാണ് ഇത്തരം സീക്വലുകളുടെ നേട്ടം. എന്നാല്‍ വന്‍ തരംഗം തീര്‍ത്ത ഒരു ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഇറക്കി പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ സംവിധായകരെ സംബന്ധിച്ച് അതിന്‍റേതായ ബുദ്ധിമുട്ടുമുണ്ട്. അവിടെ അധികം പരീക്ഷണത്തിന് മുതിര്‍ന്നാല്‍ കൈ പൊള്ളാന്‍ ഇടയുണ്ട്. ഇപ്പോഴിതാ അതിന്‍റെ പുതിയ ഉദാഹരണമായിരിക്കുകയാണ് ഹോളിവുഡ് ചിത്രം ജോക്കര്‍ 2 അഥവാ ജോക്കര്‍: ഫോളി അ ദു.
ലോകം മുഴുവന്‍ തരംഗം തീര്‍ത്ത ചിത്രമായിരുന്നു 2019 ല്‍ പുറത്തെത്തിയ ജോക്കര്‍. ടോഡ് ഫിലിപ്സിന്‍റെ സംവിധാനത്തില്‍ വാക്കീന്‍ ഫിനിക്സ് അനശ്വരമാക്കിയ ടൈറ്റില്‍ കഥാപാത്രത്തെ ലോകമെങ്ങുമുള്ള സിനിമാപ്രേമികള്‍ ആഘോഷിച്ചു. അതിനാല്‍ത്തന്നെ പ്രഖ്യാപന സമയം മുതല്‍ കാത്തിരിപ്പ് ഉയര്‍ത്തിയ രണ്ടാം ഭാഗമായിരുന്നു ഇത്. സെപ്റ്റംബര്‍ 4 ന് വെനീസ് ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രം ഒക്ടോബര്‍ 4 നാണ് അമേരിക്കയില്‍ പ്രദര്‍ശനം ആരംഭിച്ചത്.
രണ്ട് ദിവസം മുന്‍പ് ഒക്ടോബര്‍ 2 ന് ചിത്രം ഇന്ത്യയില്‍ പ്രദര്‍ശനം ആരംഭിച്ചിരുന്നു. ഇവിടെ ലഭിച്ചതുപോലെതന്നെ നെഗറ്റീവ് മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് യുഎസിലും ലഭിക്കുന്നത്. 190 മില്യണ്‍ ഡോളര്‍ (1597 കോടി രൂപ) നിര്‍മ്മാണച്ചെലവുള്ള ചിത്രമാണിത്. വ്യാഴാഴ്ചത്തെ പ്രിവ്യൂ ഷോകളും വെള്ളിയാഴ്ചത്തെ ഷോകളും ചേര്‍ത്ത് ചിത്രം നേടിയിരിക്കുന്ന ഓപണിംഗ് 20 മില്യണ്‍ ഡോളറാണ്. അതായത് 168 കോടി രൂപ. നിര്‍മ്മാതാക്കളെ നിരാശപ്പെടുത്തുന്ന കണക്കാണ് ഇത്. നെഗറ്റീവ് പബ്ലിസിറ്റിയും റേറ്റിംഗുമൊക്കെ ലഭിച്ചതോടെ വാരാന്ത്യ കളക്ഷനില്‍ അത് കാര്യമായി പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍.
2019 ല്‍ പുറത്തെത്തിയ ജോക്കറിന്‍റെ ബജറ്റ് 65 മില്യണ്‍ ഡോളര്‍ (546 കോടി രൂപ) ആയിരുന്നു. ആദ്യ വാരാന്ത്യത്തില്‍ യുഎസില്‍ നിന്ന് 96 മില്യണ്‍ ഡോളര്‍ (807 കോടി രൂപ) നേടിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആകെ 1.07 ബില്യണ്‍ ഡോളറും (8991 കോടി രൂപ) നേടിയിരുന്നു.
ALSO READ : അന്‍വര്‍ സാദത്തും ഡയാന ഹമീദും കേന്ദ്ര കഥാപാത്രങ്ങള്‍; 'അര്‍ധരാത്രി' ചിത്രീകരണം തുടങ്ങി