ആഗോള റിലീസിന് രണ്ട് ദിവസം മുന്‍പ് ഇന്ത്യയില്‍ റിലീസ്; ജോക്കര്‍ 2 ആദ്യ ദിനം പണപ്പെട്ടി നിറച്ചോ?
ടോഡ് ഫിലിപ്‌സിന്റെ മ്യൂസിക്കൽ ജോക്കർ 2 ഇന്ത്യയിൽ ഗാന്ധി ജയന്തി ദിനത്തിൽ റിലീസ് ചെയ്തു. ആദ്യ ദിനം തന്നെ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. ഈ വെള്ളിയാഴ്ചയാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്.
മുംബൈ: ജോക്വിൻ ഫീനിക്‌സും ലേഡി ഗാഗയും അഭിനയിച്ച ടോഡ് ഫിലിപ്‌സിന്റെ മ്യൂസിക്കൽ ജോക്കര്‍ 2 ഒക്ടോബർ 4 നാണ് ആഗോള റിലീസെങ്കിലും ഇതിന് രണ്ട് ദിവസം മുമ്പ് ഗാന്ധി ജയന്തി ദിനത്തിൽ ബുധനാഴ്ച ഇന്ത്യൻ തീയറ്ററുകളില്‍ റിലീസ് ചെയ്തു. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ആദ്യദിനം തന്നെ ഡിസി കോമിക്സ് അധികരിച്ച് നിര്‍മ്മിച്ച ചിത്രം മികച്ച പ്രകടനമാണ് നടത്തിയത്.
ജോക്കർ: ഫോളി എ ഡ്യൂക്‌സ് എന്ന് അറിയപ്പെടുന്ന ജോക്കര്‍ 2 ബോളിവുഡില്‍ നിന്ന് പുതിയൊരു എതിരാളിയും ഇല്ലാതെയാണ് മിഡ് വീക്ക് ഹോളിഡേയില്‍ റിലീസ് ചെയ്തത്. 5 കോടിയാണ് ചിത്രം അവധി ദിനത്തില്‍ റിലീസ് ചെയ്ത് നേടിയത്. വ്യാഴാഴ്ച ചിത്രത്തിന് ചെറിയ ഇടിവ് ലഭിക്കും എന്നാണ് കരുതുന്നത്. പ്രവര്‍ത്തി ദിവസമായതിനാലും, ചിത്രത്തിന് ലഭിച്ച സമിശ്ര അഭിപ്രായവും ഇതിന് കാരണമായേക്കാം എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.
ഈ വെള്ളിയാഴ്ച ഒക്ടോബർ 4 നാണ് നോർത്ത് അമേരിക്കയിലും മറ്റ് പ്രദേശങ്ങളിലും ചിത്രം റിലീസാകുന്നത്. ജോക്കറിന്‍റെ ആദ്യ ഭാഗവും ടോഡ് ഫിലിപ്‌സ് തന്നെയാണ് സംവിധാനം ചെയ്തത്. ജോക്വിന് ഫീനിക്സിന് മികച്ച നടനുള്ള കന്നി ഒസ്കാര്‍ അവാർഡ് നേടിക്കൊടുക്കുകയും ചെയ്തു ഈ ചലച്ചിത്രം.
ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ 1 ബില്യൺ ഡോളറിലധികം സമ്പാദിച്ച് എക്കാലത്തെയും ഉയർന്ന ഗ്രോസ് നേടിയ ആര്‍ റൈറ്റഡ് ഹോളിവുഡ് ചിത്രം എന്ന റെക്കോഡും ചിത്രം നേടി. ഷോൺ ലെവിയുടെ മാർവൽ ബഡ്ഡി മൂവി ഡെഡ്‌പൂൾ & വോൾവറിൻ ഈ റെക്കോർഡ് ഈയിടെയാണ് തകര്‍ത്തത്.
ബാറ്റ്മാന്‍റെ ഏറ്റവും ഭയങ്കര വില്ലനായ ജോക്കറിന്‍റെ 2019 ലെ ഒറിജിന്‍ സ്റ്റോറിയുടെ തുടർച്ചയാണ് ജോക്കർ: ഫോളി എ ഡ്യൂക്‌സ്. വാർണർ ബ്രദേഴ്സും നിർമ്മിച്ച ചിത്രത്തിന്‍റെ രചന സംവിധായകന്‍ ടോഡും സ്കോട്ട് സിൽവറും ചേർന്നാണ് നടത്തിയത്.
സമൂഹത്തിന്‍റെ അവഗണന മൂലം നശീകരണ പാതയിലേക്ക് നീങ്ങുന്ന ആർതർ ഫ്ലെക്ക് എന്ന സോഷ്യോപാത്ത് പിന്നീട് എങ്ങനെ ജോക്കറായി മാറി ഗോതം സിറ്റിയില്‍ മാറുന്നു എന്നതാണ് ജോക്കര്‍ ഒന്നാം ഭാഗത്തിന്‍റെ കഥ തന്തു. ലേഡി ഗാഗ അവതരിപ്പിച്ച ലീ അല്ലെങ്കിൽ ഹാർലി ക്വിൻ ആണ് പുതിയ ചിത്രത്തിലെ പ്രത്യേകത. ജോക്കർ 2 ലെ അതിഥി വേഷത്തിൽ സാസി ബീറ്റ്‌സും ആദ്യ ഭാഗത്തിലെ സോഫിയയുടെ വേഷം വീണ്ടും അവതരിപ്പിക്കുന്നു.
'ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഓസ്‌കാർ നോമിനേഷന്‍ നേടിയ ബ്രണ്ടൻ ഗ്ലീസൺ 'ഗെറ്റ് ഔട്ട്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ കാതറിൻ കീനർ എന്നിവരും ചിത്രത്തിലുണ്ട്.
ജോക്കറിന്‍റെ ആദ്യഭാഗത്തിന് വെനീസ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ലയൺ പുരസ്കാരം ഇവര്‍ക്ക് ലഭിച്ചിരുന്നു. ജോക്കര്‍ 11 ഓസ്കാർ നോമിനേഷനുകൾ നേടുകയും രണ്ടെണ്ണം നേടുകയും ചെയ്തിരുന്നു.
റിലീസ് ദിവസം ഒരു കോടി പോലും ഇല്ലാത്ത ചിത്രം, 13 നാള്‍ 3.25 കോടി; വിസ്മയ ചിത്രം ഒടിടിയില്‍ എവിടെ !