ഒപ്പം 'ശിവണ്ണ'; കര്‍ണാടകത്തില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് രജനി! റിലീസ് ദിനം നേടിയത്
പൂര്‍ണ്ണമായും ആരാധകര്‍ക്ക് കൊണ്ടാടാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ചിത്രം മറ്റ് സംസ്ഥാനങ്ങളില്‍ ഇത്രയധികം ആഘോഷിക്കപ്പെടുന്നതിന് ഒരു കാരണം അതത് ഇടങ്ങളിലെ സൂപ്പര്‍സ്റ്റാറുകളുടെ അതിഥി വേഷങ്ങള്‍ ആണ്
ഭാഷയുടെ അതിരുകള്‍ക്കപ്പുറത്തേക്ക് സിനിമകള്‍ സഞ്ചാരമാരംഭിച്ച ഒടിടി കാലത്തിന് എത്രയോ മുന്‍പ് സമാനമായ റീച്ച് നേടിയ താരമാണ് രജനികാന്ത്. സൂപ്പര്‍, മെഗാ താരങ്ങള്‍ കാലാകാലങ്ങളായി നിരവധി ഉള്ള ഇന്ത്യന്‍ സിനിമയില്‍ സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം അദ്ദേഹത്തിന് പതിച്ചുകിട്ടിയതും അതുകൊണ്ട് തന്നെ. പ്രായമെത്രയായാലും രജനിയുടെ താരപദവിക്കോ ആസ്വാദകവൃന്ദത്തിനോ ഇടിവൊന്നും സംഭവിക്കുന്നില്ലെന്നതിന് സമീപകാലത്ത് തന്നെ ഉദാഹരണങ്ങളുണ്ട്. എന്നാല്‍ പ്രേക്ഷകപ്രതികരണത്തില്‍ അവയെയൊക്കെയും മറികടക്കുകയാണ് അദ്ദേഹം നായകനായി വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ജയിലര്‍.
2019 ല്‍ പുറത്തെത്തിയ, കാര്‍ത്തിക് സുബ്ബരാജിന്‍റെ പേട്ടയ്ക്ക് ശേഷം ലോകമെമ്പാടുമുള്ള രജനി ആരാധകരെ ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രം വന്നിട്ടില്ലെന്ന പരിഭവങ്ങള്‍ക്കൊടുവിലാണ് ജയിലര്‍ പ്രഖ്യാപിക്കപ്പെട്ടതും റിലീസിനെത്തിയതും. പക്ഷേ പ്രഖ്യാപന സമയത്ത് ഈ പ്രോജക്റ്റിലും കടുത്ത രജനി ആരാധകര്‍ക്കുപോലും വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. വിജയ് നായകനായ ബീസ്റ്റില്‍ കൈ പൊള്ളിയ നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ് സംവിധാനം എന്നതായിരുന്നു കാരണം. എന്നാല്‍ എല്ലാവരും അവിശ്വസിച്ചപ്പോഴും നെല്‍സണ് വേണ്ടി നിന്ന ഒരാള്‍ രജനി തന്നെ ആയിരുന്നു. അതിന്‍റെ റിസല്‍ട്ട് ആണ് ഇപ്പോള്‍ തിയറ്ററുകളില്‍ ദൃശ്യമാവുന്നത്.
പൂര്‍ണ്ണമായും ആരാധകര്‍ക്ക് കൊണ്ടാടാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ചിത്രം മറ്റ് സംസ്ഥാനങ്ങളില്‍ ഇത്രയധികം ആഘോഷിക്കപ്പെടുന്നതിന് ഒരു കാരണം അതത് ഇടങ്ങളിലെ സൂപ്പര്‍സ്റ്റാറുകളുടെ അതിഥി വേഷങ്ങള്‍ ആണ്. മലയാളത്തിന്‍റെ മോഹന്‍ലാലിനൊപ്പം കന്നഡയുടെ ശിവ രാജ്‍കുമാറും ഹിന്ദിയില്‍ നിന്ന് ജാക്കി ഷ്രോഫും എത്തുമ്പോള്‍ ആ വൃത്തം പൂര്‍ണ്ണമായി. ഏറെക്കാലത്തിന് ശേഷം മോഹന്‍ലാലിനെ തങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ കണ്ടെന്ന് മലയാളികള്‍ പറയുമ്പോള്‍ കര്‍ണാടകത്തിലെ തിയറ്ററുകളില്‍ സിനിമാപ്രേമികള്‍ തങ്ങള്‍ ശിവണ്ണയെന്ന് സ്നേഹബഹുമാനങ്ങളോടെ വിളിക്കുന്ന ശിവ രാജ്‍കുമാറിനെ ആഘോഷിക്കുകയാണ്. കര്‍ണാടകത്തിലെ കളക്ഷനെയും ശിവ രാജ്‍കുമാറിന്‍റെ സാന്നിധ്യം വലിയൊരളവില്‍ സ്വാധീനിച്ചിട്ടുണ്ട്. എന്ന് മാത്രമല്ല കളക്ഷനില്‍ അവിടെ ഈ രജനി ചിത്രം റെക്കോര്‍ഡും ഇട്ടിരിക്കുന്നു.
കര്‍ണാടകത്തില്‍ ഒരു തമിഴ് ചിത്രം ഇതിന് മുന്‍പ് നേടിയ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ രജനിയുടെ തന്നെ കബാലിയുടെ പേരിലായിരുന്നു. 2016 ല്‍ എത്തിയ കബാലി നേടിയത് 10.77 കോടി ആയിരുന്നു. ഈ റെക്കോര്‍ഡ് ആണ് രജനി തന്നെ തന്‍റെ പുതിയ ചിത്രത്തിലൂടെ തിരുത്തിയിരിക്കുന്നത്. ജയിലറിന്‍റെ കര്‍ണാടക ഓപണിംഗ് 11.85 കോടിയാണ്! രജനികാന്തിനുള്ള സ്വാധീനത്തിന് പുറമെ ശിവ രാജ്‍കുമാറിന്‍റെ സാന്നിധ്യവും ഇതിന് കാരണമായതായാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
ALSO READ : ബിഗ് സ്ക്രീനില്‍ ഇന്ത്യ എന്ന വികാരം; തിയറ്ററുകളില്‍ സല്യൂട്ട് അടിപ്പിച്ച 10 സിനിമകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം