ആദ്യമായി മോളിവുഡ് ആയിരം കോടി കളക്ഷനിലേക്കോ?, 2024ല്‍ ചരിത്രമെഴുതും, സൂചനകള്‍ ഇങ്ങനെ
മോളിവുഡ് 2024ല്‍ ആകെ നേടിയ കളക്ഷന്റെ കണക്കുകള്‍ പുറത്ത്.
മോളിവുഡിന് 2024 നല്ല വര്‍ഷമാണ്. ഫെബ്രുവരി മാസത്തില്‍ മൂന്ന് മലയാള സിനിമകളാണ് വൻ വിജയമായത്. പ്രേമലുവും ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‍സും കളക്ഷനില്‍ ഞെട്ടിച്ചു എന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ പൃഥ്വിരാജിന്റെ ആടുജീവിതവും ആഗോള കളക്ഷനില്‍ വൻ കുതിപ്പ് രേഖപ്പെടുത്തുമ്പോള്‍ 1000 കോടി 2024ല്‍ മോളിവുഡ് നേടിയേക്കുമെന്നാണ് പ്രതീക്ഷ.
വെറും മൂന്ന് മാസത്തിനുള്ളില്‍ 580 കോടി രൂപയിലധികം നേടിയിട്ടുണ്ട് മോളിവുഡ് എന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. അതിനാല്‍ 2024ല്‍ മോളിവുഡ് 1000 കോടി ക്ലബിലെത്താൻ സാധ്യതയുണ്ട് എന്നാണ് പ്രതീക്ഷ. ആദ്യമായി മോളിവുഡ് ഒരു വര്‍ഷം കളക്ഷനില്‍ ആ നേട്ടത്തിലെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടെ പൃഥ്വിരാജിന്റെ ആടുജീവിതം ആറ് ദിവസം കൊണ്ട് ആഗോളതലത്തില്‍ ആകെ 82 കോടിയില്‍ അധികം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഫെബ്രുവരി ഒമ്പതിനെത്തിയ പ്രേമലു ആഗോളതലത്തില്‍ 130 കോടി രൂപയിലധികം നേടി 2024ല്‍ മലയാള സിനിമയെ ആകെ ഞെട്ടിച്ചു. അന്വേഷിപ്പിൻ കണ്ടെത്തും ആഗോളതലത്തില്‍ 40 കോടി ക്ലബിലെത്തിയിരുന്നു. ഭ്രമയുഗമാകട്ടെ ആകെ 58 കോടിയിലധികം കളക്ഷനും നേടിയിരുന്നു എന്നാണ് റിപ്പോര്ട്ട് വ്യക്തമാക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ 224 കോടി നേടി.
എബ്രഹാം ഓസ്‍ലറായിരുന്നു മലയാളത്തിന് 2024ല്‍ ആദ്യ വിജയം നല്‍കിയത് എന്നാണ് ആകെ കളക്ഷൻ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഓസ്‍ലര്‍ ആഗോളതലത്തില്‍ ആകെ 41 കോടിയോളം നേടിയിരുന്നു എന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് . പൃഥ്വിരാജ് നായകനായ ആടുജീവിതത്തിലാണ് മലയാള സിനിമയുടെ ഇനിയത്തെ പ്രതീക്ഷ. ആടുജീവിതം മലയാളത്തിന്റെ എക്കാലത്തെയും വിജയമാകുമെന്നാണ് കളക്ഷൻ കുതിപ്പ് സൂചിപ്പിക്കുന്നത് എന്നാണ് റിപ്പോര്ട്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക