Hridayam Box Office : യുഎസിലും മികച്ച പ്രകടനവുമായി 'ഹൃദയം'; ആദ്യ ആഴ്ചയിലെ കളക്ഷന്‍
കൊവിഡിലും തളരാതെ പ്രണവ് മോഹന്‍ലാല്‍ ചിത്രം
കൊവിഡ് പശ്ചാത്തലത്തില്‍ മിക്ക സിനിമകളും റിലീസ് മാറ്റിവെക്കുന്നതിനിടയില്‍ പ്രഖ്യാപിച്ച റിലീസ് തീയതിയില്‍ തന്നെ തിയറ്ററുകളിലെത്തിയ ചിത്രമാണ് പ്രണവ് മോഹന്‍ലാല്‍ (Pranav Mohanlal) നായകനായ ഹൃദയം (Hridayam). ആദ്യ ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രത്തിന് പക്ഷേ കൊവിഡ് സാഹചര്യം വിനയായിട്ടുണ്ട്. ഞായര്‍ ലോക്ക് ഡൗണും കൂടുതല്‍ ജില്ലകള്‍ തിയറ്ററുകള്‍ അടയ്ക്കേണ്ട 'സി കാറ്റഗറി'യിലേക്ക് എത്തിയതും ചിത്രത്തിന്‍റെ കേരളത്തിലെ കളക്ഷനെ ബാധിച്ചു. എന്നാല്‍ കേരളത്തിന് പുറത്ത് ചെന്നൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലും പല വിദേശ മാര്‍ക്കറ്റുകളിലും ചിത്രം മികച്ച പ്രതികരണവും കളക്ഷനുമാണ് നേടുന്നത്. ഏറ്റവുമൊടുവില്‍ പുറത്തെത്തിയിരിക്കുന്നത് ചിത്രത്തിന്‍റെ നോര്‍ത്ത് അമേരിക്കന്‍ കളക്ഷന്‍ ആണ്.
കേരളത്തിനൊപ്പമായിരുന്നു ഹൃദയത്തിന്‍റെ യുഎസ്, കാനഡ റിലീസ്. ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും മികച്ച പ്രതികരണമാണ് ഈ മാര്‍ക്കറ്റുകളില്‍ നേടുന്നത്. വെള്ളിയാഴ്ചത്തെ മാത്രം യുഎസ് കളക്ഷന്‍ 15,862 ഡോളറും കാനഡ കളക്ഷന്‍ 2842 ഡോളറുമാണ്. യുഎസില്‍ നിന്ന് ഒരാഴ്ച കൊണ്ട് നേടിയത് 1.6 ലക്ഷം ഡോളറും കാനഡയില്‍ നിന്ന് നേടിയത് 29,104 ഡോളറുമാണ്. ഇതുവരെയുള്ള നോര്‍ത്ത് അമേരിക്കന്‍ കളക്ഷന്‍ ആകെ 1.89 ലക്ഷം ഡോളര്‍ ആണ്. അതായത് 1.42 കോടി ഇന്ത്യന്‍ രൂപ. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് എടുത്തുപറയത്തക്ക നേട്ടമാണ് ഇത്.
104 തിയറ്ററുകളിലായിരുന്നു ഹൃദയത്തിന്‍റെ യുഎസ് റിലീസ്. ചിത്രത്തിന്‍റെ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള കളക്ഷനും നേരത്തെ പുറത്തെത്തിയിരുന്നു. 27നാണ് ചിത്രം ഈ രണ്ട് രാജ്യങ്ങളിലും റിലീസ് ചെയ്യപ്പെട്ടത്. ഓസ്ട്രേലിയയില്‍ നിന്ന് രണ്ട് ദിവസം കൊണ്ട് 28.22 ലക്ഷം രൂപയും ന്യൂസിലന്‍ഡില്‍ നിന്ന് 13.49 ലക്ഷം രൂപയുമാണ് ചിത്രം നേടിയിരിക്കുന്നത്.