2024 ല്‍ ഹിന്ദിയില്‍ പ്രദര്‍ശനത്തിനെത്തിയത് മൂന്ന് മലയാള ചിത്രങ്ങള്‍

ഒരു മലയാള ചിത്രം ഹിന്ദിയില്‍ നേടുന്ന റെക്കോര്‍ഡ് വിജയമാണ് ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ നേടിയത്. ഹിന്ദിയില്‍ 10 കോടിയും പിന്നിട്ട മാര്‍ക്കോയുടെ നിലവിലെ ഹിന്ദി നെറ്റ് 11.03 കോടിയാണ്. മലയാള സിനിമയ്ക്ക് ഉത്തരേന്ത്യന്‍ മാര്‍ക്കറ്റ് തുറന്നുകൊടുത്ത ചിത്രമെന്ന് മാര്‍ക്കോ വിലയിരുത്തപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും 2024 ല്‍ ഹിന്ദി പതിപ്പ് പ്രദര്‍ശനത്തിനെത്തിച്ച ഒരേയൊരു ചിത്രമല്ല മാര്‍ക്കോ. 

കൊയ്‍മൊയ്‍യുടെ റിപ്പോര്‍ട്ട് അനുസരിച്ച് മറ്റ് രണ്ട് മലയാള ചിത്രങ്ങള്‍ കൂടി കഴിഞ്ഞ വര്‍ഷം ഹിന്ദിയില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായ ആടുജീവിതവും ജിതിന്‍ ലാലിന്‍റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായ എആര്‍എമ്മും (അജയന്‍റെ രണ്ടാം മോഷണം) ആയിരുന്നു. മാര്‍ക്കോയുമായി താരതമ്യം ചെയ്യാന്‍ ആവില്ലെങ്കിലും ഈ ചിത്രങ്ങളും ഹിന്ദി ബോക്സ് ഓഫീസ് ഓപണ്‍ ചെയ്തിരുന്നു. ഈ രണ്ട് ചിത്രങ്ങളില്‍ കൂടുതല്‍ കളക്റ്റ് ചെയ്തത് എആര്‍എം ആയിരുന്നു. 80 ലക്ഷം രൂപ. ആടുജീവിതത്തിന്‍റെ ഹിന്ദി പതിപ്പ് 53 ലക്ഷവും നേടി. കൊയ്‍മൊയ്‍യുടെ കണക്ക് പ്രകാരമാണ് ഇത്.

മലയാളത്തിലെ ഏറ്റവും വലയന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 20 നാണ് എത്തിയത്. മലയാള പതിപ്പ് എത്തിയ അതേ ദിവസം തന്നെയാണ് ഹിന്ദി പതിപ്പും തിയറ്ററുകളില്‍ എത്തിയത്. ഹിന്ദി പതിപ്പിന് ആദ്യ ദിനങ്ങളില്‍ കളക്ഷന്‍ കുറവായിരുന്നെങ്കിലും പിന്നീടുള്ള ദിനങ്ങളില്‍ കളക്ഷന്‍ കൂടിക്കൂടി വന്നു. അവസാനം 10 കോടി കടക്കുകയും ചെയ്തു. നാലാം വാരത്തിലും ചിത്രത്തിന് മികച്ച സ്ക്രീന്‍ കൗണ്ട് ഉണ്ട് ഉത്തരേന്ത്യയില്‍. ഹനീഫ് അദേനിയാണ് ചിത്രത്തിന്‍റെ സംവിധാനം. ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെയും ബാനറിൽ ഷരീഫ് മുഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

ALSO READ : പുതിയ റിലീസുകളിലും തളരാതെ 'റൈഫിള്‍ ക്ലബ്ബ്'; നാലാം വാരത്തിലും നൂറിലധികം സ്ക്രീനുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം