ആള്‍ ടൈം ഹിറ്റ് ലിസ്റ്റിലേക്ക് നാല് ചിത്രങ്ങള്‍! 2023 ലെ ഏറ്റവും വലിയ മലയാളം ഹിറ്റുകള്‍
ഓള്‍ ടൈം മലയാളം ഹിറ്റുകളില്‍ രോമാഞ്ചം ഒന്‍പതാം സ്ഥാനത്ത്
വിജയ ശരാശരി നോക്കിയാല്‍ മലയാള സിനിമയ്ക്ക് നല്ല വര്‍ഷമല്ല 2023. എന്നാല്‍ വിജയിച്ച ചിത്രങ്ങളുടെ കളക്ഷന്‍ നോക്കിയാല്‍ ഇന്‍ഡസ്ട്രി വളര്‍ച്ചയുടെ പാതയിലാണെന്നും മനസിലാവും. വിജയിച്ചാല്‍ നിര്‍മ്മാതാവിന്‍റെ കണ്ണിന് തിളക്കമേറ്റുന്ന വന്‍ വിജയം, ഇനി പോസിറ്റീവ് അഭിപ്രായം നേടുന്നതില്‍ പരാജയപ്പെട്ടാലോ വന്‍ പരാജയവും. സോഷ്യല്‍ മീഡിയ കാലത്തെ സിനിമകളുടെ വിജയപരാജയങ്ങള്‍ ഇപ്രകാരമാണ്. സമീപകാല വര്‍ഷങ്ങളിലെ ആ ട്രെന്‍ഡ് അനുസരിച്ച് തന്നെയായിരുന്നു ഈ വര്‍ഷവും. ആവറേജ് വിജയങ്ങള്‍ ഏറെക്കുറെ ഇല്ലാതായിക്കഴിഞ്ഞ കാലത്ത് ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ വന്ന അഞ്ച് മലയാളം സിനിമകള്‍ താഴെ പറയുന്നവയാണ്.
ഈ വര്‍ഷത്തെ മലയാളം റിലീസുകളില്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കേരളം നേരിട്ട പ്രളയത്തിന്‍റെ കഥ പറഞ്ഞ 2018 ആണ്. ജൂഡ് ആന്‍റണി ജോസഫിന്‍റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായ ചിത്രം റിലീസ് ദിനത്തില്‍ തന്നെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രം കൂടിയാണ്. രണ്ടാം സ്ഥാനത്ത് യുവതാരനിര നായകന്മാരായെത്തിയ അടിപ്പടം ആര്‍ഡിഎക്സ് ആണ്. മൂന്നാമത് മമ്മൂട്ടി നായകനായ പൊലീസ് പ്രൊസിജ്വറല്‍ ഡ്രാമ കണ്ണൂര്‍ സ്ക്വാഡ്. നാലാമത് രോമാഞ്ചം. അഞ്ചാം സ്ഥാനത്ത് വന്‍ പ്രീ റിലീസ് ഹൈപ്പുമായെത്തി, എന്നാല്‍ പ്രേക്ഷകപ്രീതി നേടുന്നതില്‍ പരാജയപ്പെട്ട ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിംഗ് ഓഫ് കൊത്ത.
ഈ അഞ്ച് ചിത്രങ്ങളില്‍ നാലെണ്ണവും മലയാളത്തിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇടം പിടിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. 2018 ആണ് എക്കാലത്തെയും വലിയ മലയാളം വിജയങ്ങളില്‍ ഒന്നാം സ്ഥാനത്ത്. ആര്‍ഡിഎക്സ് അഞ്ചാം സ്ഥാനത്തും കണ്ണൂര്‍ സ്ക്വാഡ് ആറാം സ്ഥാനത്തും. ഓള്‍ ടൈം മലയാളം ഹിറ്റുകളില്‍ രോമാഞ്ചം ഒന്‍പതാം സ്ഥാനത്താണ്.
ALSO READ : 'മലയാളി പ്രേക്ഷകരില്‍ ഞാന്‍ കണ്ട വിചിത്രമായ കാര്യം അതാണ്'; റസൂല്‍ പൂക്കുട്ടി പറയുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം