ആഗോള ബോക്സ് ഓഫീസില്‍ വന്‍ നേട്ടം, പക്ഷേ 'ഹനു മാനെ' മലയാളികള്‍ സ്വീകരിച്ചോ? 9 ദിവസത്തെ കളക്ഷന്‍
തേജ സജ്ജ നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം
സിനിമകള്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് സ്വീകരിക്കപ്പെടുന്ന കാലമാണിത്. ഇഷ്ടപ്പെടുന്ന ഉള്ളടക്കങ്ങള്‍ക്ക് പ്രേക്ഷകര്‍ ഭാഷയുടെ പതിമിതികള്‍ കല്‍പ്പിക്കാത്ത കാലം. ബാഹുബലി മുതലിങ്ങോട്ട് നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. തെന്നിന്ത്യയില്‍ നിന്നെത്തി പാന്‍- ഇന്ത്യന്‍ വിജയം നേടുന്ന പുതിയ ചിത്രമായിരിക്കുകയാണ് തേജ സജ്ജ നായകനാവുന്ന ഹനു മാന്‍.
പ്രശാന്ത് വര്‍മ്മ സംവിധാനം ചെയ്ത സൂപ്പര്‍ഹീറോ ചിത്രം ജനുവരി 12 നാണ് തിയറ്ററുകളില്‍ എത്തിയത്. മികച്ച ഓപണിംഗോടെ ബോക്സ് ഓഫീസില്‍ കുതിപ്പ് ആരംഭിച്ച ചിത്രത്തിന്‍റെ 10 ദിവസത്തെ കളക്ഷന്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്. 10 ദിവസം കൊണ്ട് 200 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ് ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള കണക്കാണ് ഇത്. റിലീസ് ചെയ്യപ്പെട്ട മിക്ക ഇടങ്ങളിലും മികച്ച പ്രകടനം നടത്താനായ ചിത്രത്തിന് അത് കഴിയാതെ പോയത് കേരളവും തമിഴ്നാടും അടക്കമുള്ള ചുരുക്കം മാര്‍ക്കറ്റുകളില്‍ മാത്രമാണ്.
ജനുവരി 12 ന് തന്നെ കേരളത്തിലും പ്രദര്‍ശനം ആരംഭിച്ച ചിത്രത്തിന് രണ്ടാം വാരം കൂടുതല്‍ സ്ക്രീനുകള്‍ ലഭിച്ചിരുന്നു. എന്നിട്ടും കളക്ഷന്‍ ഉയര്‍ന്നില്ല. 9 ദിവസം കൊണ്ട് 43 ലക്ഷം രൂപ മാത്രമാണ് ചിത്രത്തിന് നേടാനായതെന്ന് പ്രമുഖ ട്രാക്കര്‍മാരായ ഫോറം കേരളം അറിയിക്കുന്നു. ദേശീയ തലത്തില്‍ മികച്ച നിരൂപണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും മലയാളി യുട്യൂബര്‍മാര്‍ അടക്കമുള്ളവരില്‍ നിന്ന് റിവ്യൂസ് കാര്യമായി വന്നില്ല. കേരളത്തില്‍ ആരാധകരില്ലാത്ത തേജ സജ്ജയാണ് നായകന്‍ എന്നതും മലയാളികളെ ചിത്രത്തില്‍ നിന്ന് അകറ്റിയ ഘടകമാണ്. അതേസമയം പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായിരിക്കും ഇതെന്നാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്.
ALSO READ : വിറ്റത് 94 കോടി ടിക്കറ്റുകള്‍! ഇന്ത്യന്‍ സിനിമ 2023 ല്‍ ആകെ നേടിയ കളക്ഷന്‍ എത്ര?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം