കളക്ഷനില്‍ ലൂസിഫറിനെ മറികടന്നോ ഗോഡ്‍ഫാദര്‍? ആദ്യ രണ്ട് ദിനത്തില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്

മലയാളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായിരുന്ന ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് ഇതുവരെ നേടിയത്

godfather worldwide box office collection chiranjeevi salman khan mohan raja

തെലുങ്കില്‍ ഈ വര്‍ഷത്തെ പ്രധാന റിലീസുകളില്‍ ഒന്നാണ് ചിരഞ്ജീവി നായകനായ ഗോഡ്‍ഫാദര്‍. മലയാളത്തില്‍ എക്കാലത്തെയും റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയ ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്‍തിരിക്കുന്നത് മോഹന്‍ രാജയാണ്. എക്സ്റ്റന്‍ഡഡ് കാമിയോ റോളില്‍ സല്‍മാന്‍ ഖാന്‍ കൂടി എത്തിയതോടെ പാന്‍ ഇന്ത്യന്‍ മെറ്റീരിയല്‍ ആയി മാറി ഈ ചിത്രം. റിലീസ് ദിനം മുതല്‍ തെലുങ്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായവുമാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാല്‍ ഈ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ബോക്സ് ഓഫീസില്‍ ചിത്രത്തെ കാര്യമായി തുണച്ചിട്ടുണ്ടോ? പുറത്തെത്തിയ കണക്കുകള്‍ ഈ ചോദ്യത്തിനുള്ള ഉത്തരം ആവുകയാണ്.

ഒക്ടോബര്‍ 5 ബുധനാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ആദ്യ രണ്ട് ദിനത്തിലെ ആഗോള ബോക്സ് ഓഫീസ് കളക്ഷനാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് ചിത്രം ആകെ നേടിയ ഗ്രോസ് 69.12 കോടിയാണെന്നാണ് ഔദ്യോഗിക കണക്കുകള്‍. നാലാം ദിനത്തില്‍ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംനേടിയതായി ട്രേഡ് അനലിസ്റ്റുകളില്‍ ചിലര്‍ ട്വീറ്റ് ചെയ്‍തിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായിരുന്ന ലൂസിഫര്‍ എട്ട് ദിവസം കൊണ്ടാണ് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നത്.

ALSO READ : 'ലൂക്ക് ആന്‍റണി'യെ കാണാൻ അർധരാത്രിയും ആരാധകർ; റിലീസ് ദിനത്തിൽ റോഷാക്കിന് കേരളമെമ്പാടും എക്സ്ട്രാ ഷോകൾ

ചിത്രത്തിന്‍റെ വിജയത്തില്‍ പ്രേക്ഷകര്‍ക്കും ഒപ്പം അതിഥിവേഷത്തില്‍ എത്തിയ സല്‍മാന്‍ ഖാനും നന്ദി പറഞ്ഞ് ചിരഞ്ജീവി രംഗത്തെത്തിയിരുന്നു. അതേസമയം ഉത്തരേന്ത്യയില്‍ മികച്ച പ്രതികരണം ലഭിക്കുന്നതിനാല്‍ അവിടെ മറ്റൊരു 600 സ്ക്രീനുകളിലും ചിത്രം പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് സല്‍മാന്‍ തെലുങ്കില്‍ അവതരിപ്പിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രവുമാണ് ഇത്. ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് വില്‍പ്പനയായതായും അപ്ഡേറ്റ് എത്തിയിരുന്നു. പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ് റൈറ്റ്സ്. 

മൂന്ന് സംവിധായകരുടെ പേരുകള്‍ വന്നുപോയതിനു ശേഷമാണ് മോഹന്‍ രാജയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ചിത്രത്തിന്‍റെ സംവിധായകനായി ആദ്യം കേട്ടത് പുഷ്പ ഒരുക്കിയ സുകുമാറിന്‍റെ പേരായിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിച്ച വിവരമായിരുന്നില്ല. പിന്നീട് സാഹൊ ഒരുക്കിയ സുജീതിന്‍റെ പേരും ലൂസിഫര്‍ റീമേക്കിന്‍റെ സംവിധായകനായി കേട്ടു. എന്നാല്‍ സുജീത് നല്‍കിയ ഫൈനല്‍ ഡ്രാഫ്റ്റില്‍ തൃപ്തി പോരാഞ്ഞ് ചിരഞ്ജീവി അദ്ദേഹത്തെയും നീക്കിയെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ആദി, ടാഗോര്‍, ബണ്ണി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ വി വി വിനായകിന്‍റെ പേരും പിന്നീട് ഉയര്‍ന്നുകേട്ടിരുന്നു. പിന്നീടാണ് ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്ന വിവരം മോഹന്‍ രാജ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios