ഉയരത്തില്‍ പറന്നോ 'ഗരുഡന്‍'? സുരേഷ് ഗോപി ചിത്രം റിലീസ് ദിനത്തില്‍ നേടിയത്
ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം
സുരേഷ് ഗോപിയുടേതായി തിയറ്ററുകളില്‍ എത്തിയ ഈ വര്‍ഷത്തെ ആദ്യ റിലീസ് ആണ് ഗരുഡന്‍. അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയൊരുക്കിയ ചിത്രം, 12 വർഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒരുമിക്കുന്ന ചിത്രം എന്നിങ്ങനെ പല പ്രത്യേകതകള്‍ ഉള്ളതിനാല്‍ നല്ല പ്രീ റിലീസ് ശ്രദ്ധ കിട്ടിയ ചിത്രമായിരുന്നു ഇത്. ആ പ്രതീക്ഷകളെ സാധൂകരിക്കുന്ന അഭിപ്രായങ്ങളാണ് ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി കളക്ഷനില്‍ പ്രതിഫലിച്ചോ? അതിനുള്ള ഉത്തരവുമായി ആദ്യ ദിന കളക്ഷന്‍ കണക്കുകള്‍ എത്തിയിരിക്കുകയാണ്.
1 കോടി- 1.1 കോടി റേഞ്ചില്‍ കേരളത്തില്‍ നിന്ന് ചിത്രത്തിന് ആദ്യദിന കളക്ഷന്‍ വന്നതായാണ് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം ലഭിച്ച പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ചിത്രത്തിന് കാര്യമായി ഗുണപ്പെട്ടുവെന്നാണ് വിവരം. റിലീസ് ദിന കേരള കളക്ഷനിലെ 75 ശതമാനവും വന്നിരിക്കുന്നത് ഈവനിംഗ്, നൈറ്റ് ഷോകളില്‍ നിന്നാണെന്ന് ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ ഫ്രൈഡേ മാറ്റിനി അറിയിക്കുന്നു. മൌത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ശനി, ഞായര്‍ കളക്ഷനില്‍ ചിത്രം കാര്യമായ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് വിവരം. ഗരുഡന്‍റെ ആദ്യ വാരാന്ത്യ കളക്ഷന്‍ എത്രയാവും എന്ന് അറിയാനുള്ള കൌതുകത്തിലാണ് ട്രാക്കര്‍മാര്‍.
ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ജിനേഷ് എം രചിച്ച കഥയ്ക്കാണ് മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ എഴുതിയിരിക്കുന്നത്. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മാണം. ദിവ്യ പിള്ള, മാളവിക, ജഗദീഷ്, സിദ്ധിഖ്, നിഷാന്ത് സാഗർ, തലൈവാസൽ വിജയ്, ദിലീഷ് പോത്തൻ, മേജർ രവി, ബാലാജി ശർമ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കാങ്കോൽ, ജെയ്സ് ജോസ്, ജോസുകുട്ടി, ചൈതന്യ പ്രകാശ് തുടങ്ങി വലിയ താരനിര എത്തുന്ന ചിത്രമാണിത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക