'ഇന്ത്യന്‍ 2' ന്‍റെ ക്ഷീണം തീര്‍ക്കുമോ ഷങ്കര്‍? 'ഗെയിം ചേഞ്ചര്‍' അഡ്വാന്‍സ് ബുക്കിംഗിലൂടെ ഇതുവരെ നേടിയത്
പൊളിറ്റിക്കല്‍ ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രം
ഇത്തവണത്തെ പൊങ്കല്‍, സംക്രാന്തി റിലീസുകളില്‍ ഏറ്റവും ശ്രദ്ധ നേടിയ ചിത്രമാണ് രാം ചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്തിരിക്കുന്ന ഗെയിം ചേഞ്ചര്‍. പൊളിറ്റിക്കല്‍ ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദില്‍ രാജു, സിരീഷ്, സീ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ്. ഇന്ത്യന്‍ 2 ന്‍റെ വലിയ പരാജയത്തിന് ശേഷം എത്തുന്ന ഷങ്കര്‍ ചിത്രമാണ് ഗെയിം ചേഞ്ചര്‍. അതിനാല്‍ത്തന്നെ ഈ ചിത്രത്തിന്‍റെ ജയപരാജയങ്ങള്‍ ഷങ്കറിനെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകവുമാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് സംബന്ധിച്ച ആദ്യ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് നേടിയിരിക്കുന്നത് 14 ലക്ഷം രൂപയാണ്. 161 ഷോകളില്‍ നിന്ന് ചിത്രം തെലുങ്ക് സംസ്ഥാനങ്ങളില്‍ വിറ്റിരിക്കുന്നത് 3819 ടിക്കറ്റുകളാണ്. 281 രൂപ ശരാശരി ടിക്കറ്റ് നിരക്ക് വച്ചുള്ള കണക്കാണ് സാക്നില്‍ക് കൂട്ടിയിരിക്കുന്നത്. അതേസമയം ബ്ലോക്ക് സീറ്റുകളും ചേര്‍ത്ത് ചിത്രത്തിന്‍റെ ആദ്യ ദിന അഡ്വാന്‍സ് ബുക്കിംഗ് സംഖ്യ 65 ലക്ഷത്തിന് മുകളില്‍ വരും. അതേസമയം 10-ാം തിയതി എത്തുന്ന ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് അവസാനിക്കാന്‍ ഇനി മൂന്ന് ദിനങ്ങള്‍ അവശേഷിക്കുകയാണ്. അതിനാല്‍ത്തന്നെ അന്തിമ കണക്കുകള്‍ എത്രയെന്ന് ഇപ്പോള്‍ പറയുക സാധ്യമല്ല.
അച്ഛനും മകനുമായി ഇരട്ട വേഷത്തിലാണ് രാം ചരണ്‍ ചിത്രത്തില്‍ എത്തുന്നത്. ഷങ്കര്‍ ചിത്രങ്ങളില്‍ സാധാരണമായ വമ്പന്‍ കാന്‍വാസ് കാണാവുന്ന ചിത്രത്തില്‍ രാം ചരണിനൊപ്പം കിയാര അദ്വാനി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനില്‍, ജയറാം, നവീന്‍ ചന്ദ്ര, വെണ്ണല കിഷോര്‍, വിജയ കൃഷ്ണ നരേഷ്, ബ്രഹ്‍മാനന്ദം, രാജീവ് കനകല, രഘു ബാബു, പ്രിയദര്‍ശി പുലികൊണ്ട, സത്യ അക്കല, വെങ്കടേഷ് കകുമാനു, ചൈതന്യ കൃഷ്ണ, വിവ ഹര്‍ഷ, സുദര്‍ശന്‍, പൃഥ്വി രാജ്, റോക്കറ്റ് രാഘവ, പ്രവീണ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ALSO READ : വേറിട്ട വേഷപ്പകർച്ചയുമായി അനശ്വര രാജൻ; 'രേഖാചിത്രം' ഉടന്‍ തിയറ്ററുകളിലേക്ക്