വേഗതയില്‍ ഇനി ആടുജീവിതം; എണ്ണത്തിൽ ഒന്നാമൻ മോഹൻലാൽ; 50 കോടി ക്ലബ്ബിലെ മലയാള സിനിമ
50 കോടി ക്ലബ്ബിൽ ഇടംപിടിച്ച നടന്മാരുടെ ലിസ്റ്റിൽ ഒന്നാമൻ മോഹൻലാൽ ആണ്.
മലയാള സിനിമ അതിന്റെ സുവർണ ദിനങ്ങൾ ആഘോഷിക്കുകയാണ്. ഒരുകാലത്ത് മലയാളത്തിന് അന്യം നിന്നിരുന്ന കോടി ക്ലബ്ബുകൾ 2024 തുടങ്ങി മൂന്ന് മാസത്തിൽ തന്നെ കീശയിൽ ആക്കി കഴിഞ്ഞു. ഒന്നും രണ്ടുമല്ല നാല് സിനിമകളാണ് റെക്കോർഡുകൾ സൃഷ്ടിച്ച് കുതിച്ചത്. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം എന്നിവയാണ് ആ സിനിമകൾ. ഇതിൽ 200 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നത് മഞ്ഞുമ്മൽ ബോയ്സ് ആണ്. മലയാള സിനിമയിലെ ആദ്യ 200 കോടിയാണ് ഇത്. മലയാള സിനിമ ഭാഷാതിർത്തികൾ ഭേദിച്ച് കുതിക്കുമ്പോൾ ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ എത്തിയ സിനിമകളുടെ ലിസ്റ്റും പുറത്തുവരികയാണ്.
റിപ്പോർട്ടുകൾ പ്രകാരം ഏറ്റവും വേഗത്തിൽ ഒന്നാമനായി നിൽക്കുന്നത് ആടുജീവിതം ആണ്. റിലീസ് ദിനം മുതൽ പണംവാരിക്കൂട്ടിയ ചിത്രം ഇന്നലെ 46 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. ഇന്നത്തെ അഡ്വാൻസ് ബുക്കിംഗ് ട്രാക്ക് ചെയ്യുമ്പോൾ ചിത്രം 50കോടിയും കടന്നു കഴിഞ്ഞുവെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. ആടുജീവിതത്തിന് തൊട്ട് പിന്നിൽ ഉള്ളത് ലൂസിഫർ ആണ്. പൃഥ്വിരാജിന്റെ ആദ്യ സംവിധാനം സംരംഭമായി ഈ ചിത്രവും നാല് ദിവസം കൊണ്ടാണ് 50 കോടി ക്ലബ്ബിൽ ഇടം നേടിയത്.
ദുൽഖർ സൽമാൻ നായകനായി എത്തിയ പാൻ ഇന്ത്യൻ ചിത്രം കുറുപ്പ് ആണ് ലിസ്റ്റിലെ മൂന്നാമത്തെ സിനിമ. അഞ്ച് ദിവസം കൊണ്ട് ഈ ചിത്രം 50കോടി തികച്ചത്. പ്രീമിയർ ഉൾപ്പടെ ആണിത്. അമൽ നീരദും മമ്മൂട്ടിയും ഒന്നിച്ച ഭീഷ്മപർവ്വം ആണ് നാലാം സ്ഥാനത്ത്. ആറ് ദിവസം കൊണ്ടായിരുന്നു ഈ മമ്മൂട്ടി ചിത്രം 50 കോടി തൊട്ടത്. ഏഴ് ദിവസത്തിൽ 2018 ആണ് അഞ്ചാം സ്ഥാനത്ത്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സും ഏഴ് ദിവസത്തിലാണ് അൻപത് കോടിയിലെത്തിയത്. ഏഴാം സ്ഥാനത്ത് നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയാണ്. 11 ദിവസത്തിൽ ആയിരുന്നു ചിത്രം 50 കോടി ക്ലബ്ബിൽ കയറിയത്.
ഞാനൊരു സിനിമ കണ്ടിട്ട് 10 വർഷം, ആ കാത്തിരിപ്പ് വിഫലമായില്ല; ആടുജീവിതം കണ്ട് സന്തോഷ് ജോർജ്
അതേസമയം, 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച നടന്മാരുടെ ലിസ്റ്റിൽ ഒന്നാമൻ മോഹൻലാൽ ആണ്. ഏറ്റവും കൂടുതൽ അൻപത് കോടി അടിച്ച സിനിമകൾ അദ്ദേഹത്തിന്റേതാണ്. ലൂസിഫർ, നേര്, പുലിമുരുകൻ, ദൃശ്യം, ഒടിയൻ എന്നിവയാണ് ആ സിനിമകൾ. ആദ്യമായി 50കോടി ക്ലബ്ബിൽ എത്തിയ മലയാള സിനിമ ദൃശ്യവും ആദ്യമായി 100 കോടിയിലെത്തിയ സിനിമ പുലിമുരുകനും ആണ് എന്നതും ശ്രദ്ധേയമാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..