ബോളിവുഡ് ബോക്സ് ഓഫീസില്‍ ആശ്വാസജയം? 'ഏക് വില്ലന്‍ റിട്ടേണ്‍സ്' നാല് ദിനങ്ങളില്‍ നേടിയത്
2014ല്‍ പുറത്തെത്തിയ ഏക് വില്ലന്‍ എന്ന ചിത്രത്തിന്‍റെ തുടര്‍ച്ച
കൊവിഡില്‍ വന്‍ തകര്‍ച്ച നേരിട്ട ചലച്ചിത്ര വ്യവസായമാണ് ബോളിവുഡ്. ചുരുക്കം ചിത്രങ്ങള്‍ മാത്രമാണ് അതിനു ശേഷം അവിടെ വിജയം കണ്ടത്. സൂപ്പര്‍താരം അക്ഷയ് കുമാറിനു പോലും ഒരു ഹിറ്റ് മാത്രമേ (സൂര്യവന്‍ശി) പിന്നീട് ലഭിച്ചുള്ളൂ. എന്നാല്‍ വലിയ പ്രതീക്ഷയില്ലാതെ എത്തിയ ഭൂല്‍ ഭുലയ്യ 2 വിജയം നേടുകയും ചെയ്‍തിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 270 കോടിയിലേറെയാണ് ഈ ചിത്രം നേടിയത്. ഇപ്പോഴിതാ മറ്റൊരു ചിത്രവും ബോളിവുഡ് ബോക്സ് ഓഫീസില്‍ ഭേദപ്പെട്ട നിലയില്‍ കളക്റ്റ് ചെയ്യുകയാണ്. മോഹിത് സൂരിയുടെ സംവിധാനത്തില്‍ ജോണ്‍ എബ്രഹാമും (John Abraham) അര്‍ജുന്‍ കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഏക് വില്ലന്‍ റിട്ടേണ്‍സ് (Ek Villain Returns) ആണ് ചിത്രം.
മോഹിത് സൂരിയുടെ തന്നെ സംവിധാനത്തില്‍ 2014ല്‍ പുറത്തെത്തിയ ഏക് വില്ലന്‍ എന്ന ചിത്രത്തിന്‍റെ തുടര്‍ച്ചയാവുന്ന ഈ ചിത്രത്തില്‍ ദിഷ പടാനിയും താര സുതരിയയുമാണ് നായികമാര്‍. ടി സിരീസ്, ബാലാജി മോഷന്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ശോഭ കപൂര്‍, ഏക്ത കപൂര്‍, ഭൂഷന്‍ കുമാര്‍, കൃഷന്‍ കുമാര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ വാരാന്ത്യ കളക്ഷന്‍ 35 കോടി ആയിരുന്നു. നാലാം ദിനമായ തിങ്കളാഴ്ച 3.02 കോടിയും ചിത്രം നേടി. അങ്ങനെ ആകെ ഇതുവരെ നേടിയിരിക്കുന്നത് 38.02 കോടിയാണ്. ബോളിവുഡിന്‍റെ മുന്‍ അവസ്ഥയില്‍ ഇത് വലിയ കളക്ഷന്‍ എന്ന് പറയാനില്ലെങ്കിലും കൊവിഡിനു ശേഷമുള്ള സാഹചര്യത്തില്‍ ഇത് ഭേദപ്പെട്ട കളക്ഷനാണ്.
എന്നാല്‍ ഉയര്‍ന്ന ബജറ്റ് ഉള്ള ചിത്രം ലാഭത്തിലേക്ക് എത്തണമെങ്കില്‍ ബോക്സ് ഓഫീസില്‍ ഇനിയുമേറെ മുന്നേറേണ്ടിവരും. മോഹിത് സൂരി, അസീം അറോറ എന്നിവരുടേതാണ് ചിത്രത്തിന്‍റെ കഥ. അസീം അറോറയുടേതാണ് സംഭാഷണം. ഛായാഗ്രഹണം വികാസ് ശിവരാമന്‍. എഡിറ്റിംഗ് ദേവേന്ദ്ര മുര്‍ഡേശ്വര്‍. എഎ ഫിലിംസ് ആണ് വിതരണം.
ALSO READ : 'മഹാവീര്യര്‍ പുതിയ ഉദാഹരണം'; എന്‍ എസ് മാധവന്‍ പറയുന്നു