ഉത്തരേന്ത്യൻ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് മടക്കിവിളിച്ച് 'ദൃശ്യം 2'; മൂന്ന് ദിവസത്തെ കളക്ഷന്‍

യുഎസ്, യുഎഇ, യുകെ, ഓസ്ട്രേലിയ തുടങ്ങി റിലീസ് ചെയ്യപ്പെട്ട വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്

drishyam 2 weekend box office ajay devgn abhishek pathak jeethu joseph

വിവിധ ഭാഷാ റീമേക്കുകളുടെ എണ്ണത്തില്‍ ദൃശ്യത്തെ കവച്ചുവെക്കാന്‍ ഇന്ത്യന്‍ സിനിമയില്‍ ഒരു ചിത്രം ഉണ്ടായിട്ടില്ല. മൂന്ന് തെന്നിന്ത്യന്‍ ഭാഷകളിലും സിംഹളയിലും ചൈനീസിലുമൊക്കെ ചിത്രം എത്തിയെന്ന് മാത്രമല്ല അവയൊക്കെ വന്‍ പ്രേക്ഷക സ്വീകാര്യതയും നേടി. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ദൃശ്യം ഇതേരീതിയില്‍ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഹിന്ദി റീമേക്കിനും വലിയ പ്രേക്ഷകപ്രീതിയാണ് ലഭിക്കുന്നത്. 

3,302 സ്ക്രീനുകളിലാണ് ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ആദ്യദിനം 15.38 കോടി നേടിയ ചിത്രം മികച്ച മൌത്ത് പബ്ലിസിറ്റി നേടിയെടുത്തതോടെ ശനി, ഞായര്‍ ദിനങ്ങളിലെ കണക്കുകളില്‍ കുതിപ്പ് രേഖപ്പെടുത്തി. ശനിയാഴ്ച 21.59 കോടിയും ഞായറാഴ്ച 27.17 കോടിയുമാണ് ചിത്രം നേടിയത്. ആദ്യ മൂന്ന് ദിവസങ്ങളിലെ ഇന്ത്യന്‍ കളക്ഷന്‍ 64.14 കോടി. സമൂഹമാധ്യമങ്ങളിലും മറ്റും മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പ്രചരിക്കുന്നത്. ബോളിവുഡിന്‍റെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാവും ചിത്രമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

ALSO READ : 'ദൃശ്യം 2' വിജയത്തിനു പിന്നാലെ 'കൈതി' റീമേക്കുമായി അജയ് ദേവ്​ഗണ്‍; 'ഭോലാ' മോഷന്‍ പോസ്റ്റര്‍

യുഎസ്, യുഎഇ, യുകെ, ഓസ്ട്രേലിയ തുടങ്ങി റിലീസ് ചെയ്യപ്പെട്ട വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. റിലീസ് ദിനത്തില്‍ മാത്രം യുഎസിലും കാനഡയിലുമായി 2.49 ലക്ഷം ഡോളറും യുഎഇ- ജിസിസി മാര്‍ക്കറ്റുകളില്‍ നിന്ന് 2.59 ലക്ഷം ഡോളറും യുകെയില്‍ നിന്ന് 41,000 ഡോളറും ഓസ്ട്രേലിയയില്‍ നിന്ന് 61,000 ഡോളറുമാണ് ചിത്രം നേടിയത്. ആകെ 7.01 ലക്ഷം ഡോളര്‍. അതായത് 5.71 കോടി രൂപ. അജയ് ദേവ്‍ഗണ്‍ നായകനായ ചിത്രത്തില്‍ ശ്രിയ ശരണ്‍, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. അഭിഷേക് പാഠക് ആണ് സംവിധാനം. ദൃശ്യം 1 ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകന് നിഷികാന്ത് കാമത്ത് 2020 ല്‍ അന്തരിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios