നാലാം വാരത്തിലും ബോക്സ് ഓഫീസ് കുതിപ്പ്; ഹിന്ദി 'ദൃശ്യം 2' ഇതുവരെ നേടിയത്
3,302 സ്ക്രീനുകളിലാണ് ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്യപ്പെട്ടത്
കൊവിഡ് കാലത്ത് നേരിട്ട തകര്‍ച്ചയില്‍ നിന്നും ബോളിവുഡ് പഴയ പ്രതാപത്തിലേക്ക് ഇനിയും തിരിച്ചെത്തിയിട്ടില്ല. അതേസമയം പ്രതീക്ഷ പകരുന്ന ചില വിജയങ്ങള്‍ ഉണ്ടാവുന്നുണ്ട് താനും. ആ നിരയിലേക്ക് ബോളിവുഡിലെ പുതിയ എന്‍ട്രിയാണ് ദൃശ്യം 2. ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രത്തിന്‍റെ റീമേക്ക് സംവിധാനം ചെയ്തിരിക്കുന്നത് അഭിഷേക് പാഠക് ആണ്. നായകന്‍ അജയ് ദേവ്ഗണും. നവംബര്‍ 18 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന്‍റെ ഏറ്റവും പുതിയ കളക്ഷന്‍ കണക്കുകള്‍ ഔദ്യോഗികമായിത്തന്നെ പുറത്തെത്തിയിട്ടുണ്ട്.
ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് അനുസരിച്ച് റിലീസിന്‍റെ 26-ാം ദിനം മാത്രം ചിത്രം നേടിയിരിക്കുന്നത് 1.57 കോടിയാണ്. നാലാം വാരത്തിലെ ഇതുവരെയുള്ള കളക്ഷന്‍ 16.53 കോടി. ചിത്രം ഇന്ത്യയില്‍ നിന്ന് ആകെ നേടിയ നെറ്റ് കളക്ഷന്‍ 212.92 കോടിയും.
ALSO READ : 'സ്‍ഫടിക'ത്തിനു മുന്‍പേ ഡിജിറ്റല്‍ ആയി 'ബാബ'; മൂന്ന് ദിവസത്തെ കളക്ഷന്‍
3,302 സ്ക്രീനുകളിലാണ് ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ആദ്യദിന കളക്ഷന്‍ 15.38 കോടി ആയിരുന്നു. ഏറ്റവുമധികം ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നായിരുന്നു ദൃശ്യം. അതിന്‍റെ രണ്ടാം ഭാഗം എന്നതുകൊണ്ടുതന്നെ ചിത്രത്തിന്‍റെ രണ്ടാം ഭാഗം രാജ്യത്ത് ഭാഷാതീതമായി കാത്തിരുപ്പ് ഉയര്‍ത്തിയിരുന്നു. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ മലയാളം പതിപ്പ് രാജ്യമൊട്ടുക്കുമുള്ള ദൃശ്യം ആരാധകരുടെ പ്രശംസ നേടിയിരുന്നു. എന്നാല്‍ മറുഭാഷാ റീമേക്കുകളുടെ നിര്‍മ്മാണത്തിന് ആ സ്വീകാര്യത ഒരു തടസമായിരുന്നില്ല. തെലുങ്ക്, കന്നഡ റീമേക്കുകള്‍ക്ക് പിന്നാലെയാണ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് പ്രേക്ഷകരിലേക്ക് എത്തിയത്.
അജയ് ദേവ്‍ഗണ്‍ നായകനായ ചിത്രത്തില്‍ ശ്രിയ ശരണ്‍, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. അഭിഷേക് പാഠക് ആണ് സംവിധാനം. ദൃശ്യം 1 ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകന് നിഷികാന്ത് കാമത്ത് 2020 ല്‍ അന്തരിച്ചിരുന്നു.