പ്രതീക്ഷിച്ചത് 1100 കോടിയോളം, പക്ഷേ സംഭവിക്കുന്നത്...; ദീപാവലി ബോക്സ് ഓഫീസില്‍ ബോളിവുഡിന് കടുത്ത നിരാശ

രണ്ട് ചിത്രങ്ങളും വന്‍ പ്രീ റിലീസ് പബ്ലിസിറ്റിയോടെയാണ് എത്തിയത്

diwali 2024 box office made bollywood so unhappy Singham Again and Bhool Bhulaiyaa 3 collection figures

ബോളിവുഡ് ചിത്രങ്ങളുടെ വര്‍ഷത്തിലെ ഏറ്റവും വലിയ സീസണുകളിലൊന്നാണ് ദീപാവലി. അതിനാല്‍ത്തന്നെ ഏറ്റവും പ്രതീക്ഷയോടെ എത്തുന്ന ശ്രദ്ധേയ ചിത്രങ്ങളാണ് ഈ സീസണില്‍ തിയറ്ററുകളില്‍ ഉണ്ടാവാറ്. വലിയ പ്രീ റിലീസ് ഹൈപ്പ് നേടിയ രണ്ട് സിനിമകളുടെ ക്ലാഷ് ആയിരുന്നു ബോളിവുഡിന്‍റെ ഇത്തവണത്തെ ദീപാവലി ബോക്സ് ഓഫീസില്‍. രണ്ടും സക്സസ്‍ഫുള്‍ ഫ്രാഞ്ചൈസിയുടെ തുടര്‍ച്ച. അനീസ് ബസ്‍മി സംവിധാനം ചെയ്ത ഭൂല്‍ ഭുലയ്യ 3 ഉും രോഹിത് ഷെട്ടി യൂണിവേഴ്സിലെ അഞ്ചാം ചിത്രം, വന്‍ താരനിരയുമായി എത്തിയ സിങ്കം എഗെയ്നും.

റിലീസ് ദിനത്തില്‍ ഭേദപ്പെട്ട കളക്ഷനാണ് ലഭിച്ചതെങ്കിലും പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിക്കാത്തതിനാല്‍ ഇരുചിത്രങ്ങള്‍ക്കും ബോക്സ് ഓഫീസില്‍ ആ തുടര്‍ച്ച നിലനിര്‍ത്താനായില്ല. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം സിങ്കം എഗെയ്ന്‍ ആദ്യദിനം നേടിയത് 43.5 കോടിയും ഭൂല്‍ ഭുലയ്യ നേടിയത് 35.5 കോടിയും ആയിരുന്നു. വെള്ളിയാഴ്ച ആയിരുന്നു ഇരു ചിത്രങ്ങളുടെയും റിലീസ്. എന്നാല്‍ കളക്ഷനില്‍ വര്‍ധന ഉണ്ടാകേണ്ട ഞായറാഴ്ച ബോക്സ് ഓഫീസില്‍ ഇരു ചിത്രങ്ങള്‍ക്കും ക്ഷീണമാണ് ഉണ്ടായത്. സിങ്കം എഗെയ്ന്‍ 35.75 കോടിയും ഭൂല്‍ ഭുലയ്യ 3 33.5 കോടിയുമാണ് നേടിയത്. ബുധനാഴ്ച ആയപ്പോഴേക്ക് ഇതി യഥാക്രമം 10.25 കോടി, 10.5 കോടി എന്നീ സംഖ്യകളില്‍ എത്തി.

സിനിമകളുടെ ബോക്സ് ഓഫീസ് പ്രകടനത്തെ സംബന്ധിച്ച് പ്രേക്ഷകാഭിപ്രായം ഇന്ന് എത്രത്തോളം പ്രധാനമാണ് എന്നതിന് തെളിവാണ് ഈ കണക്കുകള്‍. ഇരു ചിത്രങ്ങളുടെയും ഉള്ളടക്കം കാണികള്‍ക്ക് വലിയ താല്‍പര്യം ഉണ്ടാക്കാത്തതാണ് കളക്ഷനിലെ ഈ ഇടിവിന് കാരണമെന്നും ചിത്രങ്ങളിലെ സംഗീതത്തിന് പോലും ആഴമില്ലെന്നും ട്രേഡ് അനലിസ്റ്റ് ആയ ഗിരീഷ് വാംഖെഡെ വിലയിരുത്തുന്നു. അതിനാല്‍ത്തന്നെ ഈ ചിത്രങ്ങള്‍ക്ക് റിപ്പീറ്റ് ഓഡിയന്‍സ് തീരെ എത്തുന്നില്ലെന്നും അദ്ദേഹം പറയുന്നു. ദീപാവലി ബോക്സ് ഓഫീസില്‍ ഒരുമിച്ച് 1000- 1100 കോടി എത്തിക്കുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രങ്ങള്‍ 500-600 കോടി എത്തിച്ചാലും ഭാഗ്യം എന്ന യാഥാര്‍ഥ്യത്തിലാണ് ഇപ്പോള്‍ ബോളിവുഡ്. അതേസമയം രണ്ടാം വാരത്തിലെ കളക്ഷനാവും ഈ ചിത്രങ്ങളുടെ ബോക്സ് ഓഫീസിലെ വിധി നിര്‍ണയിക്കുകയെന്ന് മള്‍ട്ടിപ്ലെക്സ് ശൃംഖലയായ സിനിപൊളിസ് ഇന്ത്യയുടെ എംഡി ദേവാംഗ് സമ്പത്ത് പറയുന്നു.

ALSO READ : 'മാര്‍ക്കോ'യുടെ മ്യൂസിക് റൈറ്റ്സ് വില്‍പ്പനയായി; സ്വന്തമാക്കിയത് സോണി മ്യൂസിക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios