'ഗില്ലി'യെ മറികടക്കുമോ റീ റിലീസില്‍ 'ദീന'? ഒരു ദിവസം ശേഷിക്കെ അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയത്
എ ആര്‍ മുരുഗദോസിന്‍റെ സംവിധാന അരങ്ങേറ്റം
തമിഴ് സിനിമയില്‍ ഇത് റീ റിലീസുകളുടെ കാലമാണ്. പുതിയ സിനിമകള്‍ക്ക് പ്രേക്ഷകര്‍ കാര്യമായി എത്താത്ത സാഹചര്യത്തില്‍ തമിഴ്നാട്ടിലെ തിയറ്റര്‍ ഉടമകള്‍ക്ക് ആശ്വാസം പകരുന്നത് തമിഴിലെ റീ റിലീസുകളാണ്. ഒപ്പം മലയാളം ചിത്രങ്ങളും. വിജയ്‍യുടെ ഗില്ലിക്ക് പിന്നാലെ തമിഴില്‍ നിന്ന് ഒരു ശ്രദ്ധേയ റീ റിലീസ് എത്തുന്നുണ്ട്. അജിത്ത് കുമാറിനെ താരപരിവേഷത്തിലേക്ക് ഉയര്‍ത്തുന്നതില്‍ ഒരു വലിയ പങ്ക് വഹിച്ച ദീനയാണ് അത്.
എ ആര്‍ മുരുഗദോസിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന ഈ ആക്ഷന്‍ ഡ്രാമ ചിത്രം തിയറ്ററുകളിലെത്തിയത് 2001 ജനുവരിയില്‍ ആയിരുന്നു. സുരേഷ് ഗോപിയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ദീന. അജിത്ത് കുമാറിന് മാസ് അപ്പീല്‍ ഉള്ള ആക്ഷന്‍ ഹീറോ ഇമേജ് നല്‍കിയ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടിയ ചിത്രമാണ്. തമിഴിലെ റീ റിലീസ് ട്രെന്‍ഡിന്‍റെ ചുവട് പിടിച്ച് മെയ് 1 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.
തമിഴ്നാട്ടില്‍ പ്രധാന സെന്‍ററുകളിലൊക്കെ ആദ്യദിനത്തിലെ ആദ്യ ഷോകള്‍ ഇതിനകം സോള്‍ഡ് ഔട്ട് ആയിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കനുസരിച്ച് തമിഴ്നാട്ടില്‍ ചിത്രം വിറ്റിരിക്കുന്നത് 12,991 ടിക്കറ്റുകളാണ്. ഇതില്‍ നിന്ന് നേടിയിരിക്കുന്ന കളക്ഷന്‍ 14.72 ലക്ഷവും. ട്രാക്ക് ചെയ്ത 116 ഷോകളില്‍ നിന്നുള്ള ബുക്കിംഗ് കണക്കാണ് ഇത്. ഒരു വര്‍ഷത്തിലേറെയായി അജിത്ത് കുമാറിന്‍റെ ഒരു പുതിയ ചിത്രം തിയറ്ററുകളിലെത്തിയിട്ട്. എച്ച് വിനോദിന്‍റെ സംവിധാനത്തിലെത്തിയ തുനിവ് ആണ് അവസാനമായെത്തിയ അജിത്ത് ചിത്രം. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ചിത്രം എത്തിയത്.